25 June, 2020 06:52:25 PM
സാമ്പത്തിക ഞെരുക്കം: ഉണക്കമീൻ കച്ചവടത്തിനിറങ്ങി പ്രമുഖസീരിയല്‍ താരം
മുംബൈ: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ മീൻകച്ചവടത്തിനിറങ്ങി സീരിയൽ താരം. മറാത്തിയിലെ ഡോ: ബാബാസാഹേബ് അംബേദ്‌കർ എന്ന ടി.വി.ഷോയിലൂടെ ശ്രദ്ധേയനായ നടൻ രോഹൻ പഡ്നേക്കറാണ് ഉണക്കമീൻ വില്പനയിലേക്ക് തിരഞ്ഞത്. ലോക്ക്ഡൗണിന് ശേഷം 35 പേരുമായി സീരിയൽ ഷൂട്ടിംഗ് തുടങ്ങാമെന്ന് ഇളവ് ലഭിച്ചെങ്കിലും മുൻനിര താരങ്ങൾക്കായിരുന്നു തൊഴിൽ ലഭിച്ചത്.
തങ്ങളെ വളർത്താൻ അച്ഛൻ ചെയ്തിരുന്ന തൊഴിലിലേക്ക് സാമ്പത്തികഞെരുക്കത്തെ തുടർന്ന്, വീട്ടുകാരുടെ സമ്മതപ്രകാരം, കുടുംബത്തിന്റെ ഏക അത്താണിയായ രോഹൻ ഇറങ്ങുകയായിരുന്നു. "അച്ഛൻ ഉണക്കമീൻ വിൽക്കുമായിരുന്നതുകൊണ്ട് എനിക്കാ ബിസിനസ്സിനെപ്പറ്റി നല്ല അവഗാഹമുണ്ടായിരുന്നു. എന്നാൽ പിന്നെ മടിച്ചു നിൽക്കുന്നതെന്തിനാ? ഒരു നടനെന്ന നിലയിൽ ഉണക്കമീൻ വിൽക്കുന്നതിൽ തെല്ലും നാണക്കേടില്ല. വിശപ്പിന് നമ്മുടെ തൊഴിൽ എന്താണെന്നറിയില്ല." ഒരു അഭിമുഖത്തിൽ രോഹൻ പറയുന്നു.
സുശാന്ത് സിംഗിന്റെ മരണത്തെ തുടർന്ന് രോഹൻ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. താൻ മൂന്ന് മാസത്തോളം വിഷാദം നേരിട്ടു. എന്നാൽ മറ്റൊരു സുശാന്ത് ആവാൻ ആഗ്രഹമില്ലായിരുന്നു. ആറുമാസമുള്ള കുഞ്ഞും തൊഴിൽരഹിതയായ ഭാര്യയുമുണ്ട്. ഇടത്തരം കുടുംബത്തിൽ പിറന്ന തനിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ലെന്ന് രോഹൻ വ്യക്തമാക്കുന്നു. കാരുണ്യം തോന്നി ആരെങ്കിലും തനിക്ക് ഒരു ലക്ഷം രൂപ തന്നാലും വേണ്ടെന്ന് പറയുമെന്ന് രോഹൻ. തന്റെ പക്കൽ നിന്നും അവർക്ക് ഉണക്കമീൻ വാങ്ങാം. താൻ കഠിനാധ്വാനത്തിലൂടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രോഹൻ വ്യക്തമാക്കുന്നു