10 June, 2020 06:39:51 PM


വാട്സാപ്പ് ഗ്രൂപ്പിലെ ശബ്‍ദ സന്ദേശം പുറത്തായി; പ്രതികരണവുമായി നടി ഖുശ്‍ബു



ചെന്നൈ: നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബുവിന്‍റെ ശബ്ദ സന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ നിന്നു ചോര്‍ന്നത് വിവാദമായി. മാധ്യമങ്ങൾക്കെതിരായ പരാമർശമടങ്ങിയ ശബ്ദ സന്ദേശമാണ് ചോര്‍ന്നത്. സംഭവം വിവാദമായതോടെ ശബ്ദ സന്ദേശം ചോര്‍ത്തിയവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി രംഗത്ത് വന്നു. സീരിയല്‍ നിര്‍മ്മാതാക്കളുള്ള വാട്സാപ് ഗ്രൂപ്പിലായിരുന്നു ഖുശ്‍ബു ശബ്‍ദ സന്ദേശം അയച്ചത്. രണ്ടരമാസത്തെ ഇടവേളക്ക് ശേഷം സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കാനിരിക്കെയാണ് ഖുശ്‍ബു ശബ്‍ദ സന്ദേശം അയച്ചത്.


ചിത്രീകരണം തുടങ്ങുന്നതിന്‍റെ ഫോട്ടോയെടുക്കാനോ വീഡിയോ എടുക്കാനോ മാധ്യമങ്ങളെ അനുവദിക്കരുത് എന്നായിരുന്നു ഖുശ്‍ബു ശബ്‍ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. അവര്‍ നമ്മളെ തെറ്റിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോള്‍ കോവിഡ് വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ല. അതുകൊണ്ട് ചിത്രീകരണം തുടങ്ങിയാല്‍ നമ്മളെ കുറിച്ച് എന്തെങ്കിലും എഴുതാൻ അവര്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധിക്കുക എന്നായിരുന്നു ടെലിവിഷൻ സീരിയല്‍ നിർമാതാക്കള്‍ക്കുള്ളതായിരുന്നു ശബ്‍ദ സന്ദേശം.


ഇതോടെ ഖുശ്‍ബു മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചുവെന്ന് വിമര്‍ശനം ഉയർന്നു. പിന്നാലെ ഖുശ്‍ബു പ്രതികരണവുമായി രംഗത്തെത്തി. തന്‍റെ ശബ്‍ദ സന്ദേശം എഡിറ്റ് ചെയ്‍ത ഭാഗം, മാധ്യമപ്രവര്‍ത്തരെ കുറിച്ചുള്ളതാണ് പ്രചരിക്കുന്നത്. ഇത് പ്രൊഡ്യൂസേഴ്‍സ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയതാണ്. അത്തരം ചിന്താഗതിയുള്ള ആള്‍ നമ്മുടെ ഇടയിലുണ്ടല്ലോ എന്നോര്‍ത്ത് താൻ ലജ്ജിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയായിരുന്നില്ല, തന്‍റെ ഉദ്ദേശ്യം വ്യക്തമാണെന്നും സുഹൃത്തുക്കളോട് സംസാരിക്കുന്നതു പോലെയുള്ളതാണ് അതെന്നും ഖുശ്‍ബു പറയുന്നു.


''മാധ്യമങ്ങളോട് എനിക്കുള്ള ബഹുമാനം എല്ലാവർക്കുമറിയാം. 34 വർഷത്തെ എന്‍റെ സിനിമാ ജീവിതത്തിനിടയിൽ ഞാനവരോട് അപമാനകരമായി സംസാരിച്ച് ഒരു മാധ്യമപ്രവർത്തകരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. ആ ശബ്ദസന്ദേശം പകുതി മാത്രമേ ഉള്ളൂ. എങ്കിലും നിങ്ങളെ ആരെയെങ്കിലും അത് വേദനിപ്പിച്ചുവെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നമ്മൾ ആർക്ക് വേണ്ടിയാണോ ജോലി ചെയ്യുന്നത് അവരാണ് നമ്മളെ പുറകിൽ നിന്നും കുത്തുന്നതെന്ന് തിരിച്ചറിയുന്നത് ദൗർഭാ​ഗ്യകരമാണ്. എനിക്കറിയാം ഏത് നിർമാതാവാണ് ഇത് ചെയ്തതെന്ന് . പക്ഷേ ഞാനവരെ പേരെടുത്ത് പറയില്ല. എന്‍റെ നിശബ്ദതയും ക്ഷമയുമാണ് അവർക്കുള്ള വലിയ ശിക്ഷ. എനിക്കിനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്, ഞാനത് തുടരും.
ഞാനിതിലും ഏറെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത് ചെയ്തയാളോട് നിങ്ങൾക്കെന്നെ തകർക്കാനാവില്ല. നിങ്ങൾ ഒരു ഭീരുവാണ്. നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങള്‌‍ ഇരുട്ടിൽ തന്നെയിരിക്കും. ഞാൻ തിളങ്ങിക്കൊണ്ടും. ഇതാണ് ഞാൻ, സത്യസന്ധത തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് ചോദിച്ച് തലയുയർത്തി മുന്നോട്ട് പോകുന്നു. നിങ്ങൾക്കതിനാവുമോ.. ഇല്ല. അതാണ് എന്‍റെ വിജയം - "ഖുശ്ബു ട്വീറ്റ് ചെയ്യുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K