10 June, 2020 03:09:34 PM


ഭര്‍ത്താവിനോട് വഴക്കിട്ട് വീട് വിട്ട യുവതിയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍



കോട്ടയം: ഭര്‍ത്താവിനോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയും നാല് വയസുള്ള കുട്ടിയും കുളത്തില്‍ മരിച്ച നിലയില്‍. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസത്തില്‍ ചന്ദ്രബാബുവിന്‍റെ ഭാര്യ രഞ്ജി (36), നാല് വയസുള്ള മകന്‍  ശ്രീനന്ദ് എന്നിവരെയാണ് വീടിനടുത്തുള്ള കളരിക്കല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂഴികുളങ്ങര ശശീന്ദ്രമംഗലത്ത് പി.ജി.രാജന്‍റെ മകളാണ് മരിച്ച രഞ്ജി.


ചൊവ്വാഴ്ച രാത്രിയില്‍ ഒന്നിച്ച് ഉറങ്ങാന്‍ കിടന്ന ഭാര്യയെയും കുട്ടിയെയും രാവിലെ നോക്കിയപ്പോള്‍ കാണാതായി എന്ന് കാണിച്ച് ചന്ദ്രബാബു ഇന്ന് രാവിലെ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അയല്‍വാസികളായ ചന്ദ്രബാബുവും രഞ്ജിയും 11 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടൊപ്പം ഇവര്‍ ഒന്നിച്ചായിരുന്നു താമസം. ഇരുവരെയും കാണാതായതോടെ അടുത്തുതന്നെയുള്ള രഞ്ജിയുടെ വീട്ടിലും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം ചൊവ്വാഴ്ച രാത്രി 11 മുതല്‍ യുവതിയെയും കുട്ടിയെയും കാണാതായതായും പറയപ്പെടുന്നുണ്ട്.


ഏറ്റുമാനൂര്‍ പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടയില്‍  നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അഗ്നിശമനസേനയുടെ സ്കൂബാ ടീം എത്തി കുളത്തില്‍ പരിശോധന നടത്തുകയായിരുന്നു. പകല്‍ ഒന്നര മണിയോടെയാണ് കുളത്തില്‍ നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗോകുലം ചിട്ട്സ് ജീവനക്കാരനാണ് ചന്ദ്രബാബു. മരിച്ച ശ്രീനന്ദിനെ കൂടാതെ ചന്ദ്രബാബു -രഞ്ജി ദമ്പതികള്‍ക്ക് ശ്രീഹരി (10) എന്നൊരു മകനുമുണ്ട്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K