22 May, 2020 02:42:57 PM
23 കോടി അനുവദിച്ചു: കുറവിലങ്ങാട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു - മോൻസ് ജോസഫ് എംഎല്‍എ
കുറവിലങ്ങാട് : കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ കുറവിലങ്ങാട് മേഖലയിലെ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിച്ച കുറവിലങ്ങാട് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിത് സംസ്ഥാന സർക്കാർ 23 കോടി രൂപ അനുവദിച്ചതായി അഡ്വ മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. എംഎൽഎ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് സമർപ്പിച്ച പ്രോജക്ട് സർക്കാറിന്‍റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഒന്നാം ഘട്ടത്തില്‍ കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. രണ്ടാം ഘട്ടത്തിൽ സമീപ വാർഡുകളിലെ കുടിവെള്ള ആവശ്യകത പരിശോധിച്ച് പദ്ധതി വിപുലീകരിക്കും. മൂവാറ്റുപുഴ ആറിൽ നിന്ന് വെള്ളം സംഭരിച്ച് മുളക്കുളം ചങ്ങലപ്പാലം പ്ലാന്റിൽ ശുദ്ധീകരണം നടത്തി കടുത്തുരുത്തി പ്രൊജക്ട് മുഖാന്തിരം, കുറവിലങ്ങാട് ടാങ്കിൽ വെള്ളം എത്തിക്കും വിധത്തിലാണ് പുതിയ കുടിവെള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പരമാവധി കുടുംബങ്ങൾക്ക് എല്ലാ വാർഡിലും നേരിട്ട് വീടുകളിലേക്ക് ശുദ്ധജലം എത്തിക്കാനാവും.
കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിലനിന്നിരുന്ന അതി രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 1996 കാലഘട്ടത്തിൽ ആവിഷ്ക്കരിച്ച വെള്ളൂർ - വെളിയന്നൂർ കുടിവെള്ള പദ്ധതിയിൽ കുറവിലങ്ങാട് പഞ്ചായത്തിനെയും ഉൾപ്പെടുത്തിയിരുന്നതാണ്. എന്നാൽ കുറവിലങ്ങാടിനു വേണ്ടി വാട്ടർ ടാങ്ക് നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്തേക്ക വാഹനങ്ങള്‍ കടന്നുചെല്ലുമായിരുന്നില്ല. ചെറുകിട കുടിവെള്ള പദ്ധതികൾ കൊണ്ട് കുറവിലങ്ങാട് പഞ്ചായത്തിലെ കുടിവെള്ള ആവശ്യം നിറവേറ്റാൻ കഴിയുമെന്ന തെറ്റായ പ്രചരണവും പ്രാദേശികമായി ഉയർന്നു വന്നു. ഇതേ തുടർന്ന് കുറവിലങ്ങാട് പഞ്ചായത്തിൽ പദ്ധതി നടപ്പാക്കാനാവാതെ കടുത്തുരുത്തി മണ്ഡലത്തിന്‍റെ കുടിവെള്ള പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ വാട്ടർ അതോറിറ്റിയും, സർക്കാരും നിർബന്ധിതമായി തീരുകയായിരുന്നു.
കടുത്തുരുത്തി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകൾക്കും വേണ്ടി 200 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കിയ പദ്ധതി 2012ൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ, മാഞ്ഞൂർ, മുളക്കുളം, കടുത്തുരുത്തി, കാണക്കാരി എന്നീ പഞ്ചായത്തുകളിൽ എല്ലാം പൊതുടാപ്പിലൂടെയും, പരമാവധി വീടുകളിലേക്കും വാട്ടർ കണക്ഷൻ നൽകിയതിലൂടെ കടുത്തുരുത്തി സബ് ഡിവിഷനിൽ എംഎൽഎയുടെ പരിശ്രമഫലമായി നടപ്പാക്കിയ സമഗ്ര കുടിവെള്ള പദ്ധതി വിജയപ്രദമായി തീർന്നു. ഇതോടൊപ്പം മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം പഞ്ചായത്തുകളിൽ നടപ്പാക്കിയ ജലനിധി പദ്ധതിയും ജനങ്ങൾക്ക് അനുഗ്രഹ പ്രദമാകുന്ന വിധത്തിൽ വിജയിപ്പിക്കാൻ കഴിഞ്ഞു.
ചെറുകിട കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ചിരുന്ന കുറവിലങ്ങാട് പഞ്ചായത്തിൽ നിന്നും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി നടപ്പാക്കാനുള്ള ശക്തമായ ആവശ്യം ഇതെ തുടർന്നാണ് ഉയർന്നു വന്നത്. കുറവിലങ്ങാട് പഞ്ചായത്ത് കമ്മറ്റിയുമായിഎംഎൽഎ ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിക്ക് വേണ്ടി കണ്ടെത്തിയിരുന്ന സ്ഥലം ഉപയോഗപ്രദമാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2018 ൽ വാട്ടർ ടാങ്ക് ഭാഗത്തേക്ക് റോഡ് സൗകര്യം ലഭ്യമാക്കിയതിനെ തുടർന്നാണ് എം എൽ എ യുടെ നേതൃത്വത്തിൽ കുറവിലങ്ങാട് കുടിവെള്ള പ്രോജക്ട് വീണ്ടും സജീവമായി തീർന്നത്.
യുഡിഎഫ് സർക്കാർ അനുവദിച്ചിരുന്ന 5 കോടി രൂപ വിനിയോഗിച്ച് കുറവിലങ്ങാട് പഞ്ചായത്തിലെ എല്ലാ വാർഡിലും കുടിവെള്ളം എത്തിക്കാൻ കഴിയില്ലെന്നുള്ളത് കൊണ്ടാണ് കൂടുതൽ തുകക്ക് വേണ്ടി സർക്കാർ തലത്തിൽ ശ്രമം നടത്തിയതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. ഇപ്പോൾ പദ്ധതിക്ക് ആവശ്യമായ 23 കോടി രൂപ ലഭിച്ചതിലൂടെ കുറവിലങ്ങാട് കുടിവെള്ള പദ്ധതി വിജയ പ്രദമായി നടപ്പാക്കാൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.