17 May, 2020 04:45:42 PM


കാസ്റ്റിംഗ് തട്ടിപ്പ്; സൽമാൻഖാന്‍റെ നിർമാണ കമ്പനിക്കെതിരെ യുവനടന്‍റെ പരാതി



മുംബൈ: ബോളിവുഡ് താരം സൽമാൻഖാന്‍റെ നിർമ്മാണ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പരാതി. സൽമാൻ ഖാന്‍റെ നിർമ്മാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസ് (എസ്കെഎഫ്)നെതിരെ ടെലിവിഷൻ താരം ആൻഷ് അറോറയാണ് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.


സൽമാൻഖാൻ ഫിലിംസ് നിർമ്മിക്കുന്ന ഏക്താ ടൈഗർ 3 എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നതിനായി ഓഡിഷനിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ശ്രുതി എന്ന് പേരുള്ള പെൺകുട്ടി വിളിച്ചതായി ആൻഷ് പരാതിയില്‍ വ്യക്തമാക്കുന്നു. സൽമാൻഖാൻ നിർമ്മാണ കമ്പനിയിലെ കാസ്റ്റിംഗ് ഹെഡ് ആണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഇവർ വിളിച്ചത്. കഥാപാത്രത്തെ കുറിച്ചും കഥയെ കുറിച്ചും ഇവർ വിവരിച്ചു. ഗുസ്തിക്കാരനായ പ്രധാന വില്ലൻ വേഷമാണ് തന്റെതെന്നും ഇവർ വ്യക്തമാക്കി.


ചിത്രത്തിന്‍റെ സംവിധായകൻ പ്രഭുദേവയുമായി മാർച്ച് 3ന് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് റദ്ദാക്കി- ആൻഷ് പരാതിയിൽ പറയുന്നു. എന്നാൽ വ്യാഴാഴ്ച സൽമാൻഖാന്‍റെ ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെയാണ് തട്ടിപ്പ് മനസിലായത്. സൽമാൻഖാൻ ഫിലിംസ് ഒരു ചിത്രത്തിനു വേണ്ടിയും ഇപ്പോൾ കാസ്റ്റിംഗ് നടത്തുന്നില്ലെന്ന് സൽമാൻ ട്വീറ്റിൽ അറിയിച്ചു.


ഞാനോ സൽമാൻ ഖാൻ ഫിലിംസോ നിലവിൽ ഒരു ചിത്രത്തിനു വേണ്ടിയും കാസ്റ്റിംഗ് നടത്തുന്നില്ല. ഭാവിയിലെ ഏതെങ്കിലും സിനിമകൾക്കായി ഞങ്ങൾ കാസ്റ്റിംഗ് ഏജന്‍റുമാരെ നിയമിച്ചിട്ടുമില്ല. ഈ ആവശ്യത്തിനായി നിങ്ങൾക്ക് ലഭിച്ച ഇമെയിലുകളെയോ സന്ദേശങ്ങളെയോ വിശ്വസിക്കരുത്. ഏതെങ്കിലും കക്ഷിയെ എസ്‌കെ‌എഫ് അല്ലെങ്കിൽ‌ എന്‍റെ നാമം ഏതെങ്കിലും അനധികൃതമായി തെറ്റായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും - സൽമാൻ ട്വിറ്ററിൽ കുറിച്ചു.


സൽമാൻഖാന്‍റെ ട്വീറ്റ് പുറത്തു വന്നതിനു പിന്നാലെയാണ് ആൻഷ് പരാതി നൽകിയത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ടിവി താരമായ വിക്കാസ് മനാക്തല ഇത്തരത്തിൽ സൽമാന്‍ ഖാൻ ഫിലിംസിന്‍റെ പേരിൽ തന്നെ കാസ്റ്റിംഗിന് ക്ഷണിച്ചിരുന്നു വെന്നും ഇത് വ്യാജമാണെന്നും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അതേസമയം ആൻഷിനെ വിളിച്ച ശ്രുതി എന്ന യുവതിയുടെ നമ്പറിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K