16 May, 2020 09:16:58 PM
എരുമേലിക്കു സമീപം പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
എരുമേലി : പമ്പയാറിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ഒപ്പം അപകടത്തിൽപെട്ട ബന്ധുവായ യുവാവിനെ നാട്ടുകാരായ രണ്ട് പേർ ചേർന്ന് രക്ഷിച്ചു. ഇന്ന് വൈകിട്ട് ആറിന് ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളിക്ക് സമീപമുള്ള കടവിലാണ് സംഭവം. ഇതിനടുത്ത് താമസിക്കുന്ന പരേതനായ കൊല്ലംപറമ്പിൽ ശശിയുടെ മകൻ അഭിലാഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഭിലാഷിന്‍റെ മാതൃസഹോദരിയുടെ മകൻ ശ്രീജിത്ത് (18) നെയാണ് നാട്ടുകാർ രക്ഷിച്ചത്. ഇരുവരും കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു.
ഈ സമയം കടവിന് അല്പമകലെ ഉണ്ടായിരുന്ന നാട്ടുകാരായ അക്കരക്കടുപ്പിൽ ജോജോ, പുല്ലാട്ട് സാബു എന്നിവർ ചേർന്നാണ് ശ്രീജിത്തിനെ രക്ഷിച്ച് കരയിലെത്തിച്ചത്. ഇവരെത്തിയപ്പോഴേക്കും അഭിലാഷ് ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ താഴ്ന്നുപോയിരുന്നു. എരുമേലി പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. അഭിലാഷിന്‍റെ പിതാവ് ശശി ഒന്നര വർഷം മുമ്പ് വീട്ടുമുറ്റത്ത് കിണറിൽ വീണ് അപകടത്തിൽ മരണപ്പെടുകയായിരുന്നു. അഭിലാഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും