16 May, 2020 12:55:59 PM


വാകത്താനത്ത് ആംബുലൻസുകൾ കൂട്ടിയിടിച്ചു; വഴിയിൽനിന്ന പത്തു വയസുകാരന് ദാരുണാന്ത്യം



കോട്ടയം: പുതുപ്പള്ളിക്കു സമീപം വാകത്താനത്ത് നിയന്ത്രണം നഷ്ടമായ ആംബുലൻസുകൾ കൂട്ടിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാകത്താനം തേവാരുച്ചിറയിൽ റെജിയുടെയും മിനിയുടെയും മകൻ റോഷൻ (10) ആണ് മരിച്ചത്.


ശനിയാഴ്ച രാവിലെ എട്ടരയോടെ തേവാരച്ചിറയിലായിരുന്നു അപകടം. പുതുപ്പള്ളി പാറാട്ട് ആശുപത്രിയുടെ ആംബുലൻസും, വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസുമാണ് അപകടത്തിൽപ്പെട്ടത്. പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്നു പാറാട്ട് ആശുപത്രിയുടെ ആംബുലൻസ് നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നും എത്തിയ വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസുമായി ഇടിക്കുകയായിരുന്നു.


നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ വെയിറ്റിംങ് ഷെഡിൽ നിൽക്കുകയായിരുന്ന പത്തു വയസുകാരനെയും ഇടിച്ചു വീഴ്ത്തി സമീപത്തെ വൈദ്യുതിപോസ്റ്റിൽ തട്ടിയാണ് നിന്നത്. വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പത്തരയോടെ കുട്ടിയുടെ മരണം സംഭവിച്ചു. തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണമായത്. സംഭവത്തിൽ വാകത്താനം പൊലീസ് കേസെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K