11 May, 2020 09:44:08 PM
വിദേശത്തുനിന്നും കോട്ടയത്ത് ഇതുവരെ എത്തിയത് 141 പേര്‍; ഗൃഹനിരീക്ഷണത്തില്‍ 1431 പേര്‍
കോട്ടയം: എട്ടു വിമാനങ്ങളിലും ഒരു കപ്പലിലുമായി കേരളത്തില്‍ എത്തിയ പ്രവാസികളില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവര്‍ ആകെ 141 പേര്‍. ഇതില്‍ 72 പേര്‍ ജില്ലാ ഭരണകൂടം ഒരുക്കിയ നിരീക്ഷണ കേന്ദ്രങ്ങളിലും 69 പേര്‍ ഹോം ക്വാറന്‍റയിനിലുമാണ് കഴിയുന്നത്. ഗൃഹനിരീക്ഷണത്തില്‍ നിലവില്‍ 1431 പേരാണുള്ളത്. രണ്ട് പേര്‍ ആശുപത്രി നിരീക്ഷണത്തിലുണ്ട് എങ്കിലും രോഗലക്ഷണങ്ങളില്ല. വിദേശത്തുനിന്നും മംഗലാപുരത്തുനിന്നും വന്നവരാണ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.
ഞായറാഴ്ച്ച രാത്രി ക്വലാലംപൂരില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയ ഏഴു പേരില്‍ ഒരാളെ വീട്ടിലേക്കയച്ചു. ബാക്കി ആറു പേര്‍ ഹോം ക്വാറന്‍റയിനാലാണ്. ഇതുവരെ എത്തിയവരില്‍ 75 പേര്‍ പുരുഷന്‍മാരും 66 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 34 ഗര്‍ഭിണികളും ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി 1535 പേരാണ് കേരളത്തില്‍ എത്തിയ കോട്ടയം സ്വദേശികള്‍. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്ന് വൈകുന്നേരം ആറു വരെയുള്ള കണക്കാണിത്. ഇതുവരെ 2625 പാസുകള്‍ നല്‍കി. ഇനി 852 അപേക്ഷകള്‍ പരിഗണിക്കാനുണ്ട്. വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍: ആര്യങ്കാവ്- 124, ഇഞ്ചിവിള -42, കുമളി-502, മഞ്ചേശ്വരം-182, മുത്തങ്ങ-62, വാളയാര്‍-623.