10 May, 2020 06:03:18 PM
കോട്ടയം കോതനല്ലൂരില്‍ യുവതിയും പിഞ്ചുകുഞ്ഞും തോട്ടില്‍ മരിച്ച നിലയില്‍
കോട്ടയം: കോതനല്ലൂരില്‍ യുവതിയും പിഞ്ചുകുഞ്ഞും തോട്ടില്‍ മരിച്ച നിലയില്‍. കോതനല്ലൂര്‍ കുഴിയഞ്ചാല്‍ വലിയകുളത്തില്‍ അനീഷിന്‍റെ ഭാര്യ ഓബി അനീഷ് (30), ഇവരുടെ രണ്ടര വയസുള്ള മകന്‍ അദ്വൈത് എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ വീണ അദ്വൈതിനെ രക്ഷിക്കാന്‍ തോട്ടിലിറങ്ങിയ മാതാവും കുട്ടിയും മുങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെയായിരുന്നു സംഭവം.
വീടിന്‍റെ പിന്നിലെ തോട്ടിലാണ് ഇരുവരും മുങ്ങിമരിച്ചത്. കുട്ടിയെ മുറ്റത്ത് നിര്‍ത്തി തോടിന്‍റെ കരയില്‍ കുളിക്കുകയായിരുന്നു ഓബി. കുളികഴിഞ്ഞ് നോക്കിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്ന മകനെ രക്ഷിക്കാന്‍ ഇവരും പിന്നാലെ ചാടിയതായിരിക്കാം മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. ഈ പ്രദേശത്ത് തോട്ടില്‍ രണ്ടര മീറ്റര്‍ താഴ്ചയുണ്ടത്രേ. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.