29 April, 2020 12:07:54 AM
ഗൃഹാതുരത്വം ഉണര്‍ത്തി മോഹന്‍ലാലിന്‍റെ റേഡിയോനാടകം 'ജീവനുള്ള പ്രതിമകള്‍'
തിരുവനന്തപുരം: പ്രിയനടൻ മോഹന്‍ലാൽ വര്‍ഷങ്ങള്‍ക്കുമുന്‍പ് ശബ്ദം കൊടുത്ത നാടകം വീണ്ടും മലയാളത്തിന്റെ കാതുകളില്‍ ഒഴുകിയെത്തുന്നു. ഒപ്പം മണ്മറഞ്ഞ മഹാപ്രതിഭകള്‍ക്കും പുനര്‍ജന്മം. ആകാശവാണിയുടെ നാടകോത്സവത്തില്‍ മോഹന്‍ലാലിനോടൊപ്പം മലയാളത്തിലെ പ്രമുഖതാരങ്ങള്‍ ശബ്ദം നല്‍കിയ നാടകം മൂന്ന് ദശാബ്ദങ്ങള്‍ക്കു ശേഷം ശ്രോതാക്കളുടെ മനസ്സിലെ ഓര്‍മകള്‍ക്കും ഉണര്‍വേകുകയാണ്.
പഴയകാല നാടകങ്ങളില്‍ പത്തെണ്ണം ഈ ലോക്ഡൗണ്‍ കാലയളവില്‍ ആകാശവാണി യുട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ഡോ.എം.രാജീവ് കുമാര്‍ എഴുതി 1987 സെപ്റ്റംബര്‍ 27 രാത്രി 9.30ന് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത 'ജീവനുള്ള പ്രതിമകള്‍' എന്ന നാടകം. ഈ നാടകത്തിന് പ്രത്യേകതകള്‍ ഏറെ. എൺപതുകളുടെ അവസാനം, മോഹന്‍ലാല്‍ തന്റെ താരപരിവേഷത്തിന്റെ മികച്ച അവസ്ഥ കൈവരിച്ച സമയത്ത്, ആകാശവാണി തിരുവനന്തപുരം നിലയമാണ് ഈ ഒരു ആശയം കൊണ്ടുവന്നത്. മോഹന്‍ലാലും മികച്ച ചലച്ചിത്രനടന്മാരും അഭിനയിക്കുന്ന ഒരു റേഡിയോ നാടകം. ആ ആശയത്തോട് മോഹന്‍ലാല്‍ കണ്ണുമടച്ച് യോജിച്ചപ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു.
മോഹന്‍ലാലിനൊപ്പം മലയാള സിനിമാരംഗത്ത് നിന്നും എം.ജി.സോമന്‍, കരമന ജനാര്‍ദനന്‍ നായര്‍, രാജു, കെ.എ.അസീസ്, ജഗദീഷ്, സി.ഐ.പോള്‍, ആറന്മുള പൊന്നമ്മ, രാജകുമാരി, ഭാഗ്യലക്ഷ്മി എന്നിവരുടെ ഭാവസുന്ദരമായ സംഭാഷണം കൂടിയായപ്പോള്‍ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു നാടോടിഗോത്രത്തെ ചുറ്റിപറ്റി അവരുടെ പ്രകൃതിയോടുള്ള സ്നേഹത്തിന്റെ പ്രതീകാത്മകമായ അവതരണമായിരുന്നു നാടകം.
അന്ന് മോഹന്‍ലാലിന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം വന്‍ജനപ്രീതിയാര്‍ജിച്ച ഈ നാടകം ഗൃഹാതുരസ്മരണയുണര്‍ത്തി ഓര്‍മയുടെ അരങ്ങിലൂടെ വീണ്ടും മലയാളികളുടെ കൈപിടിച്ച് നടത്തുകയാണ്. കാല്പനികസൗന്ദര്യമാര്‍ന്ന നാടകവും അതിലെ, വരിവരിക... വരികവരിക... കിളിര്‍നാമ്പുകള്‍ കണ്ടുകഴിഞ്ഞാല്‍... എന്ന ഗാനവും ഇന്നും മലയാളി ശ്രോതാക്കളുടെ കര്‍ണങ്ങളിലും മനസ്സുകളിലും നിന്നു മാഞ്ഞുപോയിട്ടില്ല. മാത്രമല്ല, നാടകം യു ട്യൂബില്‍ അപ്ലോഡ് ചെയ്തതോടെ മോഹന്‍ലാലിന്‍റെ പഴയകാലശബ്ദത്തിന് ആരാധകരുടെയിടയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നതും.
എല്ലാക്കൊല്ലവും ആകാശവാണി നടത്തുന്ന റേഡിയോ നാടകോത്സവം ഓര്‍മകളുടെ അരങ്ങ് തന്നെയാണ്. വര്‍ഷങ്ങള്‍ നീളുന്ന നാടകശേഖരത്തിലെ മുത്തുകളുടെ പുനഃപ്രക്ഷേപണം ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ പ്രശസ്തരുടെ പ്രതിഭാവിലാസത്തിന് സ്മരണയൊരുക്കുകയാണ്. പി പത്മരാജന്‍, ബാലന്‍ കെ നായര്‍, നാഗവള്ളി ആര്‍ എസ് കുറുപ്പ്, മാവേലിക്കര പൊന്നമ്മ, സി വി ബാലകൃഷ്ണന്‍, ജി വിവേകാനന്ദന്‍ തുടങ്ങിയ പ്രതിഭകളുടെ രചനയും ശബ്ദവും മലയാളികളുടെ കാതുകളില്‍ അലയടിച്ചിരുന്ന ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുകയാണ് വീണ്ടും ഈ നാടകങ്ങള്‍.