28 April, 2020 08:06:03 AM
കോവിഡ് 19: കോട്ടയം ജില്ലയിൽ സാമ്പിൾ പരിശോധന വിപുലീകരിക്കും
കോട്ടയം: കൂടുതൽ പേരിൽ കോവിഡ് രോഗം സ്ഥിരീകരിക്കുകയും ചിലരിൽ വൈറസ് പകർന്നത് എവിടെനിന്നെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ സാന്പിൾ പരിശോധന വിപുലീകരിക്കും.
കളക്ട്രേറ്റിൽ ചേർന്ന യോഗത്തിനു ശേഷം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.തിലോത്തമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ വകുപ്പ് നിർണയിച്ചിട്ടുള്ള പ്രോട്ടോക്കോൾ പ്രകാരം പ്രതിദിനം ഇരുന്നൂറു സാന്പിളുകൾ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുമായി സന്പർക്കം പുലർത്തിയവർക്കു പുറമെ ഗർഭിണികൾ, വയോജനങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളിലും സാന്പിളുകൾ ശേഖരിക്കുന്നുണ്ട്.