15 April, 2020 06:05:26 PM
'ഇതാവണമെടാ കലക്ടർ'; സുഹാസിനെ അഭിനന്ദിച്ച് 'ജോസഫ് അലക്സി'ന്റെ സ്രഷ്ടാവ്
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും ജനങ്ങൾക്ക് ആശ്വാസ നടപടികളെത്തിക്കുന്നതിലും രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന എറണാകുളം കളക്ടർക്ക് അഭിനന്ദനങ്ങളുടെ പെരുമഴ. ജില്ലാ കളക്ടർ ഇത്രയും ഗ്ലാമറുള്ള പദവിയാണെന്ന് മലയാളികള്‍ക്ക് കാണിച്ച തന്ന സിനിമയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത 'ദി കിംഗ്'. മമ്മൂട്ടി അവതരിപ്പിച്ച തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന കഥാപാത്രത്തെയാണ് യഥാർത്ഥ കളക്ടർമാരുമായി പലപ്പോഴും താരതമ്യം ചെയ്യാറുള്ളത്. ഈ കഥാപാത്രത്തെ സൃഷ്ടിച്ച തിരക്കഥാകൃത്ത് രഞ്ജി പണിക്കർ സുഹാസിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ്,
നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ സുഹാസിന് അഭിനന്ദനവുമായി എഴുതിയ ചെറിയ കുറിപ്പ് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ തുരുത്തിലേക്ക് തോണിയിൽ പോകുന്ന സുഹാസിന്റെ ചിത്രവും കിംഗിലെ പ്രശസ്തമായ സംഭാഷണവും ഉൾപ്പെടുത്തി രഞ്ജി പണിക്കർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ഇങ്ങനെ.
''രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കളക്ടർ ശ്രീ സുഹാസ് ഐ.എ.എസ്. ഒറ്റപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ കളക്ടറുടെ തോണി യാത്ര. ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas..''