08 April, 2020 09:20:22 PM


'ലോകം മുഴുവൻ സുഖം പകരാനായി...'; പാട്ട് പാടി ഒപ്പം കൂടി മോഹൻലാൽ



തിരുവനന്തപുരം: 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...' കിലോമീറ്ററുകൾക്കലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം മോഹൻലാൽ പ്രശസ്തമായ ഈ ഗാനം ആരോഗ്യ പ്രവർത്തകർക്കായി പാടുമ്പോൾ അക്ഷരാർത്ഥത്തിൽ എല്ലാവരുടേയും മനം കുളിർത്തു. എല്ലാം മറന്ന് കൊറോണ രോഗികൾക്കായി മാറ്റി വച്ച ആരോഗ്യ പ്രവർത്തകരുടെ ജീവിതത്തിൽ വേറിട്ട നിമിഷങ്ങളാണ് ആരോഗ്യ വകുപ്പ് സമ്മാനിച്ചത്. പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ആരോഗ്യവകുപ്പ് മന്ത്രിയെ കൂടാതെ മോഹൻലാലും വീഡിയോ കോൺഫറൻസ് വഴി ഒത്തുകൂടിയത്.


ഐസൊലേഷൻ വാർഡുകളിൽ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടർമാർ, നഴ്സുമാർ, മറ്റിതര ജീവനക്കാർ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാൻ മാർഗനിർദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിൽ താമസിപ്പിക്കേണ്ടതാണ്. ഈ ആരോഗ്യ പ്രവർത്തകരുമായി സംവദിക്കാൻ കിട്ടിയ അവസരത്തെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവർത്തകർ അതത് ആശുപത്രികളിൽ നിന്നും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. 


കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഊർജം വിലപ്പെട്ടതാണ്. ഉള്ള സാഹചര്യത്തിൽ ഭഗീരഥപ്രയത്നം നടത്തുന്ന ഇവർ നമുക്ക് അഭിമാനമാണ്. രോഗികൾക്ക് ഇവർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്ത് സഹായം വേണമെങ്കിലും സിനിമാ മേഖലയിൽ നിന്നു ചെയ്തു തരാൻ തയ്യാറാണ്. ഇനി അങ്ങോട്ടുള്ള ദിനങ്ങൾ നിർണായകമാണ്. അതിനാൽ തന്നെ ഈ ഒത്തൊരുമയോടെയുള്ള പ്രവർത്തനം തുടരണം. ലോക ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഉയരുകയാണ്. അതിന് പിന്നിൽ ആശുപത്രികളിൽ അഹോരാത്രം പണിയെടുക്കുന്ന ക്ലീനിംഗ് സ്റ്റാഫ് മുതലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ്. ഇവർക്ക് നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് ബിഗ് സല്യൂട്ടെന്നും മോഹൻലാൽ വ്യക്തമാക്കി.


കുടുംബവും കുട്ടികളും എല്ലാം മാറ്റിവച്ച് അഹോരാത്രം നമ്മുടെ എല്ലാവരുടേയും ആരോഗ്യത്തിനായി പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അവരുടെ ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനായി മേഹൻലാലിനെപ്പോലെയുള്ളവർ സമയം കണ്ടെത്തി രംഗത്തെത്തുന്നതിൽ നന്ദിയുണ്ടെന്നും മന്ത്രി അറിയിച്ചു. എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹൻലാലിനോടു നേരിട്ട് സംവദിച്ചു. പലരും തങ്ങൾ മോഹൻലാലിന്റെ കട്ട ഫാനാണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി.


മോഹൻലാലിനോടൊപ്പം മോഡൽ സ്‌കൂളിൽ പഠിച്ചയാളാണ് താനെന്ന് കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോയി പറഞ്ഞപ്പോൾ മോഹൻലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായ ഡോ. തോമസ് മാത്യുവിനെ മന്ത്രി പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹൻലാൽ ഒരു മണിക്കൂറോളം ചെലവഴിച്ചു. ഒപ്പം തൊഴുകൈയ്യോടെ 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...' എന്ന മനോഹര ഗാനവും. നിങ്ങൾ ലോകത്തിനായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുകയാണെന്നും മോഹൻലാൽ തൊഴുകയ്യോടെ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K