13 March, 2020 07:52:58 AM


ഏറ്റുമാനൂരിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു



ഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ വെള്ളിയാഴ്ച രാവിലെ നടന്ന മിന്നല്‍ പരിശോധനയില്‍ ഒട്ടേറെ പഴകിയ ഭക്ഷ്യവസ്തുക്കളും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കളറുകളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പഴകിയ ഭക്ഷണം വിളമ്പി പരാതിക്കിടയാക്കിയ കലവറ ഹോട്ടൽ ഉൾപ്പെടെ പത്തോളം ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. രാവിലെ 6ന് തെള്ളകം ഭാഗത്തു നിന്നാരംഭിച്ച പരിശോധന കൊറോണാ വൈറസ് ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു.


ഏറ്റുമാനൂരിലെ ഹോട്ടലുകളില്‍ മോശം ഭക്ഷണം വിളമ്പുന്നത് വ്യാപകമായതായി കൈരളി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.പി.മോഹൻദാസിന്‍റെ നിർദ്ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.  ഏറെ പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കളും പൊടികളും ഫ്രിഡ്ജിൽ തുറന്ന് സൂക്ഷിച്ചിരുന്ന കറികളും പിടിച്ചെടുത്തവയിൽ ഉള്‍പ്പെടുന്നു. പഴകിയ ഭക്ഷണവും നിരോധിതഉത്പന്നങ്ങളും പിടികൂടിയ ഹോട്ടലുകള്‍ക്ക് പിഴയടയ്ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി.


പഴകിയ ആഹാരസാധനങ്ങള്‍ കണ്ടെത്തിയ ഹോട്ടലുകളും പിടിച്ചെടുത്ത ഭക്ഷണത്തിന്‍റെ വിവരങ്ങളും.


1)  ആദാമിന്‍റെ ചായക്കട, തെള്ളകം  - പഴകിയ എണ്ണ, ചിക്കന്‍ കറി, ഈത്തപ്പഴം സ്നാസ്ക്സ്, പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ ബൌള്‍ തുടങ്ങിയവ.


2)  ഹോട്ടല്‍ കലവറ, ഏറ്റുമാനൂര്‍ - പഴകിയ ചിക്കന്‍, ഉള്ളിച്ചാര്‍, ചപ്പാത്തി, മീന്‍കറി (രണ്ട് തരം), ബീഫ്,  കപ്പ വേവിച്ചത്, ബീഫ് ഉലത്തിയത്, ഉഴുന്നുമാവ്, പ്ലാസ്റ്റിക് കവറുകള്‍, ഡിസ്പോസിബിള്‍ കപ്പ് (ഒരു ചാക്ക്), ബിരിയാണി റൈസ്, ചോറ്, ചിക്കന്‍ ഫുള്‍, മീന്‍പീസ്, നൂഡില്‍സ്, തെര്‍മോക്കോള്‍ പായ്ക്കറ്റിലെ ചപ്പാത്തി, പുളിശ്ശേരി, എണ്ണ തുടങ്ങിയവ.


3)  ഹോട്ടല്‍ ഐശ്വര്യ, കാരിത്താസ് കവല - പഴകിയ ചോറ്, മീന്‍കറി, നാരങ്ങാകറി, എണ്ണ, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവ.


4)  ഹോട്ടല്‍ ബേസ് റൌമ, കാരിത്താസ് കവല- പഴകിയ ചോറ്, കപ്പ, ഇറച്ചി, മീന്‍കറി, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ബൌളുകള്‍ തുടങ്ങിയവ.


5)  ഹോട്ടല്‍ എസ്കാലിബര്‍, തെള്ളകം - ചിക്കന്‍ വേവിച്ച് ഫ്രീസ് ചെയ്തത്,  കപ്പ പുഴുങ്ങിയത്, ഉരുളകിഴങ്ങ് വറുത്തത്, പ്ലാസ്റ്റിക് ഡിസ്പോസബിള്‍ ഗ്ലാസ്, ബൌള്‍ തുടങ്ങിയവ.


6)  മായ റസ്റ്റോറന്‍റ്, മംഗരകലുങ്ക് - പഴകിയ ചോറ്, എണ്ണ, മീന്‍ വറുത്തത്, ബിരിയാണി റൈസ്, മീന്‍ പീസുകള്‍, കിഴങ്ങ്കറി, പ്ലാസ്റ്റിക് കവറുകള്‍, ഡിസ്പോസിബിള്‍ പ്ലയിറ്റ് തുടങ്ങിയവ.


7)  ഹോട്ടല്‍ പിവിഎസ്, ഏറ്റുമാനൂര്‍ - പഴകിയ മീന്‍ കറി, വിവിധയിനം ഗ്രേവികള്‍, പന്നിയിറച്ചി തുടങ്ങിയവ.


8)  ആര്‍ ആര്‍ റസ്റ്റോറന്‍റ്, ഏറ്റുമാനൂര്‍  - പഴകിയ എണ്ണ, ചിക്കന്‍ പീസും ഗ്രേവിയും, പുളിശ്ശേരി, നാരങ്ങാകറി തുടങ്ങിയവ.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 16.6K