10 March, 2020 07:01:25 PM
കൊറോണാ ഭീതിയില്‍ നാട്; മാലിന്യത്തിന് നേരെ കണ്ണടച്ച് ദേവസ്വവും നഗരസഭയും
ഏറ്റുമാനൂര്‍: നാടെങ്ങും കൊറോണാ ഭീതി പരക്കവെ ഏറ്റുമാനൂര്‍ നഗരത്തില്‍ ഏതാനും ദിവസം കൊണ്ട് പ്രത്യക്ഷപ്പെട്ട മാലിന്യകൂമ്പാരം നാട്ടുകാര്‍ക്ക് ഭീഷണിയായി. ടെമ്പിള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയും പരിസരവാസികള്‍ക്ക് മാത്രമല്ല ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും നഗരത്തിലും വന്നുപോകുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിന്ന ഉത്സവത്തിന്‍റെ ബാക്കിപത്രമാണ് ഈ മാലിന്യകൂമ്പാരം. ഫെബ്രുവരി 25ന് കൊടിയേറിയ ഉത്സവം സമാപിച്ചത് മാര്‍ച്ച് 5ന് ആറാട്ടോടുകൂടി. ഈ കാലയളവില്‍ ക്ഷേത്രപരിസരത്തും മൈതാനത്തും കടകള്‍ കെട്ടിയും അല്ലാതെയും കച്ചവടം നടത്തിയതിന്‍റെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് വിനയായി മാറിയത്. ക്ഷേത്രമൈതാനത്തും പൊതുമരാമത്ത് വകുപ്പ് വക ടെമ്പിള്‍ റോഡിലും കച്ചവടം നടത്തുന്നതിന് കുത്തകലേലം നടത്തി ലക്ഷങ്ങള്‍ വാരികൂട്ടിയ ദേവസ്വത്തിന്‍റെ മൌനാനുവാദത്തോടെയാണ് മാലിന്യം ഇവിടെ കുന്നുകൂട്ടിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
മഴപെയ്ത് നനഞ്ഞ് മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയിട്ടും ക്ഷേത്രം അധികൃതര്‍ക്ക് അനക്കമില്ല. എന്തിനും ഏതിനും കോടതിവിധിയും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളുമായി രംഗത്തുവരുന്ന ഉപദേശകസമിതിയും മാലിന്യത്തിന് മുന്നില്‍ അനങ്ങാപ്പാറനയം സ്വീകരിച്ച മട്ടാണ്. കച്ചവടത്തിന് സ്ഥലം ലേലം കൈകൊണ്ടവരും കാര്യം കഴിഞ്ഞപ്പോള്‍ പൊടിതട്ടിപോയി. ഇതിനിടെ ഹരിതകര്‍മ്മസേനയിലെ ഏതാനും അംഗങ്ങള്‍ എത്തി പ്ലാസ്റ്റിക് മാലിന്യം കുറച്ചൊക്കെ വേര്‍തിരിച്ച് എടുത്തുകൊണ്ടുപോയി എന്നതൊഴിച്ചാല്‍ നഗരസഭയും മുഖം തിരിക്കുന്ന അവസ്ഥയാണ്.
ഇതിനൊക്കെ പുറമെയാണ് ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ മത്സ്യമാര്‍ക്കറ്റില്‍നിന്നും വ്യാപാരസ്ഥാപനങ്ങളില്‍നിന്നും പുറംതള്ളുന്ന മാലിന്യം ഓടകളില്‍ നിറഞ്ഞുകവിയുന്നത്. ഒരു നല്ല മഴ പെയ്താല്‍ ഈ മാലിന്യമെല്ലാം നിരത്തില്‍ പരന്നൊഴുകുന്നത് നിത്യസംഭവം. മാലിന്യസംസ്‌കരണണത്തിന് നഗരസഭ വിഭാവന ചെയ്ത പദ്ധതികളകട്ടെ എങ്ങുമെത്താതെ ചുവന്ന നാടകളില്‍ കുരുങ്ങികിടക്കുകയും ചെയ്യുന്നു.