28 February, 2020 11:03:27 PM
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയായ നടന് കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് വാറന്റ് പുറപ്പെടുവിച്ചത്. കുഞ്ചാക്കോ ബോബന് അടക്കം മൂന്ന് പേരെയാണ് വെള്ളിയാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചത്.
ഇതില്‍ 14 ഉം 15 ഉം സാക്ഷികളായ ഗീതു മോഹന്‍ദാസും സംയുക്താ വര്‍മയും രാവിലെ തന്നെ കോടതിയിലെത്തി. എന്നാല്‍, സംയുക്ത വര്‍മയെ വിസ്തരിക്കുന്നത് ഒഴിവാക്കി. ഇരുവരോടും ചോദിക്കാനുള്ളത് സമാന കാര്യങ്ങളായതിനാലാണ് ഗീതുമോഹന്‍ദാസിനെ മാത്രം വിസ്തരിച്ചത്. 11 മുതല്‍ 1.30 വരെയും 2.30 മുതല്‍ 4.15 വരെയുമാണ് ഗീതു മോഹന്‍ദാസിനെ വിസ്തരിച്ചത്.
ഇതിന് ശേഷം 16 ാം സാക്ഷിയായ കുഞ്ചാക്കോ ബോബന്റെ ഊഴമായിരുന്നു. എന്നാല്‍, അവധി അപേക്ഷ നല്‍കുകയോ വരില്ലെന്ന് പ്രോസിക്യൂഷനെ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെയാണ് വാറന്റ് ഉത്തരവിട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്ബാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് വാറന്റ് കൈമാറിയത്. മാര്‍ച്ച് നാലിന് ഹാജരാവാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കാനും സ്റ്റേഷന് ജാമ്യം അനുവദിക്കാനുമാണ് കോടതി നിര്‍ദേശം.
ശനിയാഴ്ച വിസ്തരിക്കാനിരുന്ന സംവിധായകന് ശ്രീകുമാരമേനോനെയും വിസ്തരിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഇനി മാര്‍ച്ച് നാലിനാവും വിചാരണ തുടരുക. അന്നേ ദിവസം, കുഞ്ചാക്കോ ബോബനെ കൂടാതെ റിമി ടോമി, നടന് മുകേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബോബിന് എന്നിവരെയാവും വിസ്തരിക്കുക.