28 February, 2020 12:24:17 PM
കോട്ടയം പുന്നത്തുറ കമ്പനികടവിൽ കിണറ്റിൽ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു
അയർക്കുന്നം: പുന്നത്തുറ കമ്പനി കടവിൽ കിണറ്റിൽ റിംഗ് ഇറക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. അയർക്കുന്നം പൂവത്താനം സാജു (44), മഴുവൻചേരികാലായിൽ ജോയി (49) എന്നിവരാണ് മരിച്ചത്. പുന്നത്തുറ കമ്പനിക്കടവ് പാണ്ടശേരി വീട്ടിൽ ശശിധരന്റെ വീട്ടുമുറ്റത്ത് പുതിയ കിണർ നിര്‍മ്മാണത്തിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. കിണർ വൃത്തിയാക്കിയ ശേഷം മണ്ണ് നീക്കം ചെയ്ത് റിംഗ് ഇറക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.
മണ്ണിന് ബലക്കുറവായതിനാൽ ബലം വരുത്തുന്നതിനായാണ് കിണറ്റിൽ റിംഗ് ഇറക്കിയത്. ഇതിനിടെയാണ് കിണറ്റിലേയ്ക്ക് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് വീണത്. അപകടം കണ്ട് ഓടിയെത്തിയ സമീപവാസികൾ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു. നാട്ടുകാരും, തൊഴിലാളികളും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്നാണ് കിണറ്റിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി.
സിനി ജോയിയാണ് ജോയിയുടെ ഭാര്യ. മക്കള്‍: സോന, സാനിയ. സംസ്കാരം ഞായറാഴ്ച 3ന് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍. ഷീനയാണ് സാജുവിന്റെ ഭാര്യ. മക്കള്‍: മാര്ട്ടിന്, മരിയ. സംസ്കാരം പിന്നീട് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍.