26 February, 2020 04:59:46 PM
വനിതാജഡ്ജിയെ തുണിപൊക്കി കാണിക്കുമെന്ന് പറഞ്ഞ വക്കീല്‍ ഗുമസ്തനെതിരെ കേസ്
ഏറ്റുമാനൂര്‍: വനിതാജഡ്ജിയെ തുണിപൊക്കി കാണിക്കുമെന്ന് പറഞ്ഞ വക്കീല്‍ ഗുമസ്തനെതിരെ കേസ്. ഏറ്റുമാനൂര്‍ കോടതിയിലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. കോടതി വരാന്തയില്‍നിന്നാണ് ചേംബറിലിരുന്ന ജഡ്ജിക്കെതിരെ ഏറ്റുമാനൂരിലെ അഭിഭാഷകന്‍റെ ഗുമസ്തന്‍ അശ്ലീലപരാമര്‍ശം നടത്തിയത്. സംഭവത്തില്‍ വനിതാജഡ്ജി ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം സ്വദേശി അനീഷിനെതിരെ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. അനീഷ് ഒളിവിലാണ്.
രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. ജഡ്ജിക്കും അഭിഭാഷകര്‍ക്കും മാത്രം പ്രവേശനമുള്ള വാതിലിനരികെയെത്തിയ അനീഷ് കോടതിക്കുള്ളിലുണ്ടായിരുന്നയാളെ ഞൊട്ടി വിളിച്ചു. കോടതി നടപടികള്‍ക്കിടെ ഇയാളുടെ പെരുമാറ്റത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച ജഡ്ജി നോട്ടത്തിലൂടെ ഇയാളെ താക്കീത് ചെയ്തു. ഈ സമയം കോടതി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ അനീഷിനോട് ശബ്ദമുണ്ടാക്കരുതെന്ന് പറയുകയും ജഡ്ജി ചേംബറിലേക്ക് വിളിപ്പിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് അനീഷിന് അറിയാമല്ലോ എന്ന് ചോദിക്കുകയും ചെയ്തപ്പോഴാണത്രേ അശ്ലീലപരാമര്‍ശമുണ്ടായത്.
എന്നെ ചേംബറിലേക്ക് വിളിപ്പിച്ചാല്‍ തുണിപൊക്കികാണിക്കും എന്ന് അനീഷ് പറഞ്ഞത് കേട്ട വനിതാജഡ്ജി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പരാതി ഏറ്റുമാനൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇതോടെ ഒളിവില്‍ പോയ അനീഷിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.