14 February, 2020 07:56:36 PM
ട്രാക്ടർ തലകീഴായി മറിഞ്ഞു; ചെളിയില്‍ പുതഞ്ഞ ഡ്രൈവര്‍ക്കും സഹായിക്കും ദാരുണാന്ത്യം
കോട്ടയം: കൃഷിയ്ക്കായി പാടശേഖരം ഒരുക്കുന്ന ജോലികൾ നടക്കവെ ട്രാക്ടർ തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും ദാരുണാന്ത്യം. അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷം വീട് കോളനിയിൽ ശശി (മോനി – 56), നീലിമംഗലം ചാരംകുളങ്ങര ശശിയുടെ (കുട്ടപ്പന്‍) മകന്‍ ഷിനു (മണിക്കുട്ടൻ – 38) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ ചാന്നാനിക്കാട് ചോഴിയക്കാട് കുന്നത്ത്കടവ് പനച്ചിയിൽക്കടവ് പാടശേഖരത്ത് വീപ്പനടിക്കടവിലായിരുന്നു അപകടം.
പാടം വൃത്തിയാക്കിയ ശേഷം ട്രാക്ടർ കരയിലേയ്ക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ ചെളിയിൽ പുതഞ്ഞു പോയി. മുന്നോട്ട് എടുത്ത ട്രാക്ടർ പുല്ലിന്‍റെ കെട്ടിൽ കയറി ട്രാക്ടർ പിന്നിലേയ്ക്കു തലകീഴായി മറിഞ്ഞു. ഇതോടെ ശശിയും, മോനിയും ട്രാക്ടറിന്‍റെ അടിയിലെ ചെളിയിൽ പൂണ്ടു പോയി. ഇരുവരും അരമണിക്കൂറോളം ചെളിയിൽ പുതഞ്ഞ് കിടന്നു. പാടശേഖരത്തിനു നടുവിലായതിനാൽ അപകടം കണ്ടിട്ടും നാട്ടുകാർക്ക് രക്ഷാപ്രവര്‍ത്തനം ശ്രമകരമായി. ഇവർ അറിയിച്ചതനുസരിച്ച് കോട്ടയത്ത്നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് രണ്ടു പേരെയും ചെളിയിൽ നിന്നും പുറത്ത് എത്തിച്ചത്.
മറ്റൊരു ട്രാക്ടർ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ട്രാക്ടർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറയിലേയ്ക്കു മാറ്റി. ബന്ധുക്കൾ എത്തി മരിച്ചവരെ തിരിച്ചറിഞ്ഞു. 35 വർഷത്തിലേറെയായി തരിശിട്ട് കിടന്ന പാടശേഖരം കൃഷിയ്ക്കായി ഒരുക്കുന്ന ജോലികൾ ദിവസങ്ങളായി ഇവിടെ നടക്കുകയായിരുന്നു. ആദ്യമായാണ് പാടശേഖരസമിതി നേതൃത്വത്തിൽ ഇവിടെ കൃഷിയിറക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് പുല്ല് നീക്കം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ട്രാക്ടർ ഉപയോഗിച്ച് പുല്ല് നീക്കം ചെയ്ത് ഇവിടം വൃത്തിയാക്കുന്ന ജോലികൾ നടത്തിയത്.