12 February, 2020 12:30:29 AM


മണ്ണുമാഫിയയുടെ അക്രമം കോട്ടയത്തും; വിവരാവകാശ പ്രവർത്തകന്‍റെ വീടുകയറി ആക്രമണം



കോട്ടയം: തിരുവനന്തപുരം കാട്ടാക്കടയിൽ ഗൃഹനാഥനെ ജെസിബി ഉയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കോട്ടയത്തും മണ്ണ് മാഫിയാസംഘത്തിന്റെ അക്രമം. കോട്ടയം നഗരസഭ ഓഫീസിൽ വെച്ച് ആക്രമണത്തിനിരയായ വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയന്റെ വീട് കയറി അക്രമം അഴിച്ചു വിട്ടിരിക്കുകയാണിപ്പോൾ. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.


അക്രമത്തിന് പിന്നാലെ മഹഷ് സമൂഹമാധ്യമങ്ങളിലൂടെ വിവരം ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. മഹേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ.



''മണ്ണ് മാഫിയ അല്പം മുന്‍പ് എന്റെ വീട് കയറി ആക്രമണം നടത്തി. ആയുധങ്ങളുമായി എത്തിയ സംഘം വാതില്‍ തല്ലി തകര്‍ത്തു. നഗരസഭയില്‍ വെച്ച് എന്നെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി കെ.എസ്. അജയനും ഗുണ്ടകളുമാണ് ആക്രമണം നടത്തിയത്. ഗുണ്ടകള്‍ എത്തിയപ്പോള്‍ പന്തികേട് തോന്നി ഉടനെ വീട്ടില്‍ കയറി കതക് അടിച്ചതിനാല്‍ ഞങ്ങള്‍ സുരക്ഷിതരാണ്‌. തുടര്‍ന്ന് ഹോക്കി സ്റ്റിക്ക്, ഇരുമ്പ് കമ്പി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് വാതില്‍ തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിക്കുകയായിരുന്നു. അമ്മയും ഭാര്യയും അലറി നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികള്‍ KL-05 AU 6003 എന്ന രജിസ്ട്രേഷന്‍ നമ്പരിലുള്ള കാറില്‍ രക്ഷപെട്ടു. ഇന്ന് (11-02-2020) രാത്രി എട്ടുമണിയോടെ ആണ് സംഭവം. ഉടന്‍ തന്നെ പോലീസ് സ്ഥലത്ത് എത്തി. നാളെ രാവിലെ ഗാന്ധി നഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കും."





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K