08 February, 2020 07:54:57 AM
പേരൂർ പൂവത്തുംമൂട്ടിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോട്ടയം: പേരൂരിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൂവത്തുമ്മൂട് ഷാപ്പിലെ ജീവനക്കാരനായ കിടങ്ങൂർ കറുത്തേടത്ത് സജി കുമാറാണ് (45) മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.45 മണിയോടെ ആയിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ടോറസ് ലോറിയിൽ എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ലോറിയുടെ അടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരനെ വണ്ടി മീറ്ററുകളോളം വലിച്ചു നീക്കി കൊണ്ടു പോയി. റോഡിലൂടെ നിരങ്ങി നീങ്ങിയ ബൈക്കിനും ലോറിയ്ക്കും ഇടയിൽ കുടുങ്ങിയ സജിയ്ക്കു സാരമായി പരിക്കേറ്റു. സജിയെ മെഡിക്കൽ കോളേജിലേയ്ക്കു കൊണ്ടു പോയെങ്കിലും ഇതിനിടെ തന്നെ മരണം സംഭവിച്ചിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നതിനിടെ ടോറസ് ഡ്രൈവർ ഓടി രക്ഷപെട്ടു. ഏറ്റുമാനൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു.