06 February, 2020 11:41:56 PM
വിജയിയെ വിട്ടയച്ചു: മാരത്തോൺ ചോദ്യം ചെയ്യലിൽ ഒട്ടേറെ രേഖകളും പണവും പിടിച്ചെടുത്തു
ചെന്നൈ: തമിഴ് നടൻ വിജയ്യെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ച് ആദായ നികുതി വകുപ്പ്. മുപ്പത് മണിക്കൂർ നേരം നടത്തിയ മാരത്തോൺ ചോദ്യം ചെയ്യലിനു ശേഷം വിജയ്യുടെ വീട്ടിൽനിന്നും ഉദ്യോഗസ്ഥർ മടങ്ങി. പരിശോധനയിൽ ഭൂമി ഇടപാടിന്റെയും ക്രമക്കേട് സംശയിക്കുന്ന സ്വത്ത് വിവരങ്ങളുടെയും രേഖകൾ പിടിച്ചെടുത്തു. ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകളും പിടിച്ചെടുത്തു.
ചെന്നൈ പാനൂരിലെ വസതിയിൽ ബുധനാഴ്ച രാത്രി തുടങ്ങിയ ചോദ്യം ചെയ്യലും പരിശോധനയും വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അവസാനിച്ചത്. ബിഗിൽ സിനിമാ നിർമാതാക്കൾക്ക് (എജിഎസ് ഗ്രൂപ്പ്) പണം പലിശയ്ക്ക് നൽകിയ മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാതാവ് അന്‍പു ചെഴിയാന്റെ ഓഫീസിലും റെയ്ഡ് നടന്നു. ഇവിടെനിന്നും 65 കോടി രൂപ പിടിച്ചെടുത്തതായാണ് വിവരം.
ബിഗില്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഇതിൽ അഭിനയിക്കുന്നതിന് എത്ര രൂപ പ്രതിഫലം പറ്റിയെന്നതുമാണ് വിജയിയെ കുരുക്കിയത്. അന്‍പു ചെഴിയാന്റെ മൊഴികളും താരത്തിന്റെ ആദായ നികുതി രേഖകളും തമ്മിൽ പൊരുത്തക്കേടുള്ളതായാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പരാതിയെത്തുടര്‍ന്ന് ആദായ നികുതി വകുപ്പിന്റെ വിവിധ സംഘങ്ങൾ എജിഎസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. എജിഎസ് എന്റര്‍ടെയിന്‍മെന്റ് സ്ഥാപകന്‍ കല്പാത്തി എസ്. അഗോരത്തിന്റെ വീട്ടിലും ഓഫീസിലുമായി 38 ഇടത്താണ് റെയ്ഡ് നടന്നത്.
ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമാണ് ബിഗിൽ. 190 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം തിയറ്ററുകളില്‍നിന്ന് 300 കോടി കളക്ട് ചെയ്തെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്തശേഷമാണ് വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്.