04 February, 2020 04:15:04 PM
അലങ്കാരദീപങ്ങള്‍ അഴിക്കവെ പള്ളിയുടെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു
കോട്ടയം: പെരുന്നാളിനോടനുബന്ധിച്ച് അലങ്കരിച്ച വൈദ്യുതദീപങ്ങള്‍ അഴിച്ച് മാറ്റവെ പള്ളിയുടെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. കുമളി എട്ടാം മൈല്‍ കളപ്പുരയ്ക്കല്‍ പരേതനായ രാജുവിന്‍റെ മകന്‍ രാഹുല്‍ കെ.ആര്‍. (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിനെ രണ്ടര മണിയോടെ കൈപ്പുഴ സെന്‍റ് ജോര്‍ജ് പള്ളിയിലായിരുന്നു അപകടം. തിരുനാള്‍ സമാപിച്ചതിനെതുടര്‍ന്ന് വൈദ്യുതാലങ്കാര ദീപങ്ങള്‍ അഴിക്കാനായി പള്ളിയുടെ മുകളില്‍ കയറിയ രാഹുല്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.
ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടങ്ങൂര്‍ പി.ജി.സൌണ്ട്സ് ജീവനക്കാരനാണ് രാഹുല്‍. കിടങ്ങൂരില്‍ വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍ ഒരു മാസം മുമ്പാണ് ഇവിടെ ജോലിയ്ക്ക് കയറിയത്. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. ഭാര്യ ശക്തിപ്രിയ. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുമളിയിലെ വീട്ടുവളപ്പില്‍.