22 January, 2020 07:37:17 PM
ആദ്യം ജോഷി ചതിച്ചു, ഇപ്പോള്‍ മിഥുനും; ചതികള്‍ ഏറ്റുവാങ്ങാന്‍ കോട്ടയം കുഞ്ഞച്ചന്‍റെ ജന്മം ബാക്കി!
കൊച്ചി: കോട്ടയം കുഞ്ഞച്ചനെ വീണ്ടും ചതിച്ചു. വെള്ള ജുബ്ബയും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് തനി കോട്ടയം അച്ചായനായി മമ്മൂട്ടി കസറിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ കുഞ്ഞച്ചന്‍ എന്ന കഥാപാത്രം നാട്ടുകാരെ പറ്റിക്കുന്നുണ്ട്. തന്‍റെ ഡ്രൈവിംഗ് സ്കൂള്‍ ഉദ്ഘാടനത്തിന് മോഹന്‍ലാലിനെ കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് കൃഷ്ണന്‍കുട്ടിനായരെ കൊണ്ടുവന്നതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മലയാളി ഒരിക്കലും മറക്കില്ല.
സംവിധായകന്‍ ജോഷി ചതിച്ചു എന്നായിരുന്നു അന്ന് കോട്ടയം കുഞ്ഞച്ചന്‍ പറഞ്ഞത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി പ്രതീക്ഷിച്ചിരുന്ന മലയാളികളെ കുഞ്ഞച്ചന്‍ വീണ്ടും ചതിച്ചിരിക്കുകയാണ്. ഇക്കുറി തിരക്കഥാകൃത്തിന്‍റെ പേരിലാണ് ചതി ആരോപണം. കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറായത് ആട് സംവിധായകൻ മിഥുൻ മാനുവലാണ്. എന്നാല്‍ പ്രേക്ഷകരെ നിരാശരാക്കി കുഞ്ഞച്ചന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിഥുൻ.
പ്രേക്ഷകര്‍ ഇപ്പോഴും വളരെ ഇഷ്ടത്തോടെ നെഞ്ചിലേറ്റുന്ന കോട്ടയം കുഞ്ഞച്ചന്‍ എന്ന കഥാപാത്രത്തെ യോജിക്കുന്ന തരത്തിൽ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം ഉപേക്ഷിക്കുന്നതെന്ന് മിഥുൻ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.