14 January, 2020 03:48:29 PM


കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് സംക്രാന്തി സ്വദേശി യുവാവ് മരിച്ചു



കോട്ടയം : ബേക്കർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പെരുമ്പായിക്കാട് കിഴക്കാലിക്കല്‍ വര്‍ഗീസ് കുരുവിളയുടെ മകന്‍ കുരുവിള വര്‍ഗീസ് (23) ആണ് മരിച്ചത്. എം.സി. റോഡിൽ വൈഡബ്ല്യുസിഎയ്ക്ക് മുന്നിലെ ഇറക്കമിറങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.


ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50 മണിയോടെയായിരുന്നു അപകടം. കോട്ടയം നഗരസഭാ ഓഫീസില്‍ നിന്നും പിതാവിനെ വിളിക്കാന്‍ പോയതാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ കുരുവിള.  കൊട്ടാരക്കരയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് വരി തെറ്റിച്ച് അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. 



മറ്റൊരു വാഹനത്തെ മറികടന്ന ബസ് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ട് മീറ്ററോളം യുവാവിനെയും ബൈക്കിനെയും വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്. ഇയാളുടെ ശരീരത്തിലൂടെ ബസിന്‍റെ മുന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരിച്ചു. കൺട്രോൾ റൂം പൊലീസ് സംഘം എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K