12 January, 2020 10:56:15 AM
തലയോലപ്പറമ്പ് വെള്ളൂരിൽ പീഡനത്തിനിരയായ 17കാരിയും മാതാപിതാക്കളും ജീവനൊടുക്കി
തലയോലപ്പറമ്പ്: വെള്ളൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയും മാതാപിതാക്കളും ജീവനൊടുക്കി. 50ഉം 46 ഉം വയസുള്ള ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയായ മകളെ കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുമ്പയം സ്വദേശിയായ ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. ഇയാളും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു.
വീടിനുള്ളിൽ മൂന്നു പേരെയും ഞായറാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രദേശവാസിയായ യുവാവിനെതിരെ നേരത്തെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായ ഇയാള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വെള്ളൂർ പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് കുടുംബത്തെ കടുത്ത മാനസികവിഷമത്തിലാക്കിയതയി ബന്ധുക്കൾ പറയുന്നു. ഇതാണ് ഇവർ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് കരുതുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൂന്നു പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയായ പെൺകുട്ടി വീടിനുള്ളിലെ മുറിക്കുള്ളിലും അച്ഛനും അമ്മയും കിടപ്പുമുറിക്കുള്ളിലും ഫാനിൽ തൂങ്ങി നിൽക്കുകയായിരുന്നു. പൊലീസ് സംഘം കെട്ടഴിച്ച് മൃതദേഹങ്ങൾ താഴെ ഇറക്കി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു. ഉച്ചയോടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.