01 January, 2020 09:08:35 PM
വേല്‍മുരുകാ... പാടി 'മുല്ലശ്ശേരി അച്ചന്‍'; പുതുവത്സരത്തെ വരവേറ്റ് ശക്തിനഗര്‍
ഏറ്റുമാനൂര്‍: വേല്‍മുരുകാ ഹരോ... ഹരാ.... പുതുവത്സരത്തെ വരവേറ്റ് വൈദികന്‍ പാടി. ളോഹയണിഞ്ഞ് വൈദികന്‍ പാടി തുടങ്ങിയതോടെ ആര്‍ത്തുല്ലസിച്ച് സദസ്. ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ പുതുവത്സരാഘോഷ പരിപാടികളായിരുന്നു രംഗം. മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പാളും തിരുവനന്തപുരം സെന്‍റ് ജോസഫ്സ് പ്രൊവിന്‍സ് കോര്‍പ്പറേറ്റ് മാനേജരുമായ ഫാ.ജയിംസ് മുല്ലശ്ശേരിയാണ് സദസിനെയാകെ ഞെട്ടിച്ച് നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ അടിച്ചുപൊളി പാട്ട് പാടിയത്.
ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് കേക്ക് മുറിച്ച് സന്ദേശവും നല്‍കിയ പിന്നാലെയായിരുന്നു അച്ചന്‍ പാടി തുടങ്ങിയത്. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.പി.സവിദയാണ് മുല്ലശ്ശേരി അച്ചന്‍ നല്ലൊരു ഗായകനാണെന്ന് സദസിനെ പരിചയപ്പെടുത്തിയത്. ശിശുദിന പാടികള്‍ക്കിടെ കുട്ടികളുടെ ആശുപത്രിയില്‍ നടന്ന ഗാനമേളയില്‍ അച്ചന്‍ വേല്‍മുരുകാ പാടി സദസിനെ കയ്യിലെടുത്തിരുന്നു. ഈ വിവരം ഡോക്ടര്‍ പറഞ്ഞതോടെ അതേ പാട്ട് അച്ചന്‍ ഇവിടെയും പാടണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.
ഒട്ടും മടിക്കാതെ പാട്ട് പാടാനെണീറ്റ വൈദികനോടൊപ്പം അസോസിയേഷന്‍ കുടംബാംഗമായ ഗൌതം കൃഷ്ണയും ചേര്‍ന്നു. പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസിന്‍റെ അധ്യക്ഷതയില്‍ അസോസിയേഷന്‍ ഡയറക്ടറിയുടെ പ്രകാശനവും ഫാ.ജയിംസ് മുല്ലശ്ശേരി നിര്‍വഹിച്ചു. ഡോ.എസ്.ശേഷാദ്രിനാഥന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ചികിത്സാ ധനസഹായം കുട്ടികളുടെ ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ.ടി.യു.സുകുമാരന്‍ വിതരണം ചെയ്തു. അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.