18 December, 2019 08:48:19 PM


നേര്‍ച്ചകുറ്റി പൊളിച്ചു കടത്താന്‍ ശ്രമം: കോണ്‍ഗ്രസ് നേതാവിന്‍റെ ഭര്‍ത്താവ് അറസ്റ്റില്‍; സിപിഎം നേതാവ് ഒളിവില്‍




ഏന്തയാര്‍: കോലാഹലമേട് തങ്ങള്‍പാറയില്‍ സ്ഥാപിച്ച നേര്‍ച്ച കുറ്റി  പൊളിച്ചു കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സിപിഎം പ്രാദേശിക നേതാവടക്കം നാല് പേര്‍ ഒളിവില്‍. അറസ്റ്റിലായവരില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഭര്‍ത്താവും. ഏന്തയാര്‍ പണിക്കവീട്ടില്‍ ഉസ്മാന്‍ (63), സഹോദരങ്ങളായ പണിക്കവീട്ടില്‍  സെയ്ദലവി (61), പണിക്കവീട്ടില്‍ ഉമ്മര്‍കുട്ടി (58) ഉസ്മാന്‍റെ മകളുടെ ഭര്‍ത്താവ്  തൊടുപുഴ പല്ലാരിമംഗലം കല്ലുംപുറത്ത് ഗദ്ദാഫി (32) എന്നിവരാണ് അറസ്റ്റിലായത്. നേര്‍ച്ചകുറ്റി  പൊളിച്ചു കടത്തുന്നതിനിടയില്‍ ഏന്തയാര്‍ ടൗണിന് സമീപം വച്ചു വിശ്വാസികള്‍ തടഞ്ഞതിനെ തുടര്‍ന്നു സംഘഷാവസ്ഥ സംജാതമായിരുന്നു. 


ഏന്തയാര്‍ ബദരിയ്യ ജമാഅത്തിന്‍റെ കീഴിലാണ് കോലാഹലമേട്  കബിറടവും പരിസരപ്രദേശവും. ഇവിടെ കൈവശഭൂമി സംബന്ധിച്ച്  ജമാ അത്ത് കമ്മറ്റിയും ഉസ്മാനും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് നേര്‍ച്ചകുറ്റി സ്ഥാപിച്ചത് വിവാദമായത്. ബുധനാഴ്ച പുലര്‍ച്ചെ ഉസ്മാന്‍റെ നേതൃത്വത്തിലെത്തിയ സംഘം കുറ്റി പൊളിച്ചു നീക്കി വാഹനത്തില്‍ കയറ്റി കിലോമീറ്ററുകള്‍ക്കകലെ ഏന്തയാറില്‍ എത്തിച്ചു. സ്ഥലത്തെത്തിയ ജമാ അത്ത് പ്രവര്‍ത്തകര്‍ വാഹനം ഉസ്മാന്‍റെ വീടിനു മുന്നിലെത്തി തടയുകയും പിക്കപ്പ് വാനിന്‍റെ ടയറിന്‍റെ കാറ്റഴിച്ചുവിടുകയും ചെയ്തു.


കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് മുണ്ടക്കയം സി.ഐ. ഷിബുകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി വാഹനവും നാലംഗ സംഘത്തെയും കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപെട്ടു പ്രതികളായ സിപിഎം പ്രാദേശിക നേതാവടക്കം നാലു പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.അറസ്റ്റിലായ നാലുപേരെയും  ജാമ്യത്തില്‍ വിട്ടയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K