07 December, 2019 08:49:39 PM
സിനിമാ താരം വിനുമോഹന്റെ ഭാര്യാപിതാവിനെതിരെ സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസ്
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചെന്ന പരാതിയിൽ സിനിമാതാരം വിനുമോഹന്റെ ഭാര്യാപിതാവിനെതിരെ കേസ്. തോട്ടയ്ക്കാട് സ്വദേശി ശശികുമാറിനെ (60) തിരെയാണ് പെൺകുട്ടിയെ കടന്നു പിടിച്ചതിനും സ്‌കൂളിലെ മറ്റു പെൺകുട്ടികളെ സമാന രീതിയിൽ ശല്യം ചെയ്തതിനും വാകത്താനം പോലീസ് കേസെടുത്തത്. സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ കടയിൽ കയറിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശശികുമാർ കടന്നു പിടിച്ചുവെന്നാണ് പരാതി.
പെൺകുട്ടി അറിയിച്ചതനുസരിച്ച് സ്‌കൂൾ അധികൃതരാണ് വാകത്താനം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. മജിസ്‌ട്രേറ്റിനു മുന്നിൽ പെൺകുട്ടിയെ ഹാജരാക്കി പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ശശികുമാറിന്റെ കടയിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച ശേഷമേ അറസ്റ്റിലേയ്ക്കു കടക്കൂവെന്ന് വാകത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ പറഞ്ഞു.