07 December, 2019 03:59:49 PM
വൈദ്യുതിബില്‍ അടച്ചില്ല ; ഫ്യൂസ് ഊരാനെത്തിയ ജീവനക്കാരനെ മര്‍ദ്ദിച്ച് മുറിക്കുള്ളില്‍ പൂട്ടിയിട്ടു
കടുത്തുരുത്തി: വൈദ്യുതിബില്‍ തുക ഒടുക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരനെ മര്‍ദിക്കുകയും മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. കല്ലറ സെക്ഷനിലെ ജീവനക്കാരന്‍ ചെമ്പ് പുത്തന്‍പുരയില്‍ ജോഷി ബേബി(38) ക്കാണ് മര്‍ദനമേറ്റത്. കല്ലറ ജങ്ഷനില്‍ കട നടത്തുന്ന പുന്നക്കാട്ട് സജിമോന്‍ (50) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 11-നാണ് സംഭവം
സജിമോന്‍റെ വീട്ടിലെ ഫ്യൂസ് ഊരാനെത്തിയതായിരുന്നു ജോഷി. സജിമോന്‍റെ വീട് പരിചയമില്ലാത്തതിനാല്‍ അന്വേഷിച്ചെത്തിയ ജോഷി അടുത്ത വീട്ടിലെത്തി കാര്യങ്ങള്‍ വിവരിച്ച സമയം ഇവിടെയുണ്ടായിരുന്ന സജിമോന്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ജോഷി പറഞ്ഞു. സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പോയി മടങ്ങുമ്പോള്‍ വീണ്ടും പിന്നാലെയെത്തിയ സജിമോന്‍ മര്‍ദിച്ചശേഷം കെട്ടിടത്തിലെ മുറിക്കുള്ളിലാക്കി ഷട്ടര്‍ വലിച്ചിട്ട് പൂട്ടിയെന്നും ജോഷിയുടെ പരാതിയില്‍ ആരോപിക്കുന്നു .നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ജോലിക്ക് തടസ്സമുണ്ടാക്കിയതിനും മര്‍ദ്ദിച്ചതിനും പോലീസ് കേസെടുത്തു. അറസ്റ്റിലായ സജിമോനെ റിമാന്‍ഡ് ചെയ്തു.