06 December, 2019 11:32:17 PM
അനന്തപുരിയിൽ കാഴ്ചയുടെ വിരുന്ന് ഒരുക്കി 24-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം
- വിനു കെ.എസ്.
തിരുവനന്തപുരം: കാഴ്ചയുടെ പൂരമായ 24-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അനന്തപുരിയിൽ തുടക്കം. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവോടെ നിരവധി യുവാക്കള്‍ വ്യത്യസ്തമായ സിനിമകളുമായി വരുന്നുണ്ടെന്നും നല്ല സിനിമയായിരിക്കണം അവരുടെ ലഹരിയെന്നും മേള ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനപരമായി നയിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നും സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാക്കി സിനിമയേയും ചലച്ചിത്രമേളകളേയും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്രതാരം ശാരദയെ ആദരിച്ചു. മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ ആദ്യഭാഗം മുഖ്യമന്ത്രി കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശനം ചെയ്തു. മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ജൂറി ചെയര്‍മാന്‍ ഖെയ്റി ബെഷാറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
ഇനി ഏഴ് നാള്‍ തലസ്ഥാന നഗരി സിനിമയുടേത് മാത്രമായി മാറും. വൈകിട്ട് ആറ് മണിയോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നതെങ്കിലും രാവിലെ മുതല്‍ തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. 13ന് അവസാനിക്കുന്ന മേളയില്‍ 73 രാജ്യങ്ങളില്‍ നിന്നുമായി 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 53 എണ്ണം രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് തന്നെ ആദ്യമായാണ്. 16 ചിത്രങ്ങളാണ് ആദ്യ ദിവസം മാത്രം പ്രദര്‍ശിപ്പിച്ചത്. നടി ശാരദ ചടങ്ങിലെ മുഖ്യാതിഥിയായി. ശാരദ അഭിനയിച്ച സ്വയംവരം മേളയുടെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ പാസ്ഡ് ബൈ സെന്‍സര്‍ ആയിരുന്നു മേളയിലെ ഉദഘാടന ചിത്രം. ടര്‍ക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്‍റെ ആത്മസംഘര്‍ഷങ്ങളും തുര്‍ക്കി ഭരണത്തില്‍ കലാകാരന്മാര്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥ ചര്‍ച്ച ചെയ്യുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു തടവുപുള്ളിക്കായി എത്തുന്ന കത്തിനുള്ളില്‍ നിന്നും ലഭിച്ച ഫോട്ടോയിലൂടെ ജയില്‍ ജീവനക്കാരന്‍ മെനഞ്ഞെടുക്കുന്ന കഥയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു.