01 December, 2019 10:38:09 AM


'പ്രേം നസീറും മോഹൻലാലും ഷെയ്ൻ നിഗവും': തിരിച്ചറിവ് വേണമെന്ന ഉപദേശവുമായി ശ്രീകുമാരൻ തമ്പി



തിരുവനന്തപുരം: 'നടനും നിർമ്മാതാവും - സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി !'  ഷെയ്ൻ നിഗം വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി രംഗത്ത്.  ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരൻ തമ്പി തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമാ അഭിനയം തുടങ്ങുന്ന കാലഘട്ടം തൊട്ടുള്ള അച്ചടക്കവും കൃത്യനിഷ്ഠയും ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാരൻ തമ്പി ഷെയ്നിന് ഉപദേശം നൽകുന്നത്.

നിത്യഹരിത നായകനായ പ്രേംനസീറിന്റെ സ്വഭാവ വിശേഷങ്ങളുള്ള ഒരു നടനും പിന്നീട് മലയാള സിനിമാരംഗത്ത്  ഉണ്ടായിട്ടില്ലെന്ന സത്യം ശ്രീകുമാരൻ തമ്പി പലപ്പോഴും ആവർത്തിക്കുന്നതാണ്. ഒരു നടനുണ്ടായിരിക്കേണ്ട ഗുണ ഗണങ്ങൾ നസീറിനെയും ജയനേയും ഉദാഹരണമായി കാണിച്ചും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് വായിക്കാം:


'നടനും നിർമ്മാതാവും - സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി !


ഷെയ്ൻ നിഗം എന്ന യുവനടനും ചലച്ചിത്രനിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് അനവധി അഭിപ്രായങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരിക്കയാണ്. സിനിമാനിർമ്മാണത്തെക്കുറിച്ചു യാതൊന്നുമറിയാത്ത ചില ബുദ്ധിജീവികളും ആനയെ കാണുന്ന അന്ധരെപോലെ തങ്ങളുടെ സ്വന്തം ദർശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളാണ് ഷെയ്ൻ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഈടെ , ഇഷ്ക് , കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലെ ആ യുവാവിന്റെ അഭിനയം നന്നായിരുന്നു. എന്നാൽ ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കവും. ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികൾ എങ്ങനെയായിരിക്കണമെന്ന് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും ചേർന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പ്രതിഫലം വാങ്ങി ആ വേഷം ചെയ്യാൻ സമ്മതിക്കുന്ന നടൻ ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ തന്റെ രൂപത്തിൽ മാറ്റം വരുത്താൻ പാടില്ല.

അങ്ങനെ ചെയ്താൽ വീണ്ടും പഴയ രൂപം വരുത്താൻ കൃത്രിമ മേക്കപ് ഉപയോഗിക്കേണ്ടി വരും. അത് ചിത്രത്തിന്റെ നിലവാരം കുറയ്ക്കും. ഉദാഹരണത്തിന് ഒരു നടൻ താടിയും മുടിയും നീട്ടി വളർത്തുന്ന ഗെറ്റപ്പിലാണ് അഭിനയിക്കുന്നതെന്നു കരുതുക. അയാൾ സംവിധായകന്റെ അനുവാദമില്ലാതെ ഇടയ്ക്കു വച്ച് മുടി വെട്ടുകയും താടിയെടുക്കുകയും ചെയ്താൽ ആ കഥാപാത്രമായി തുടർന്ന് അഭിനയിക്കണമെങ്കിൽ കൃതൃമതാടിയും മുടിക്ക് പകരം വിഗ്ഗും ഉപയോഗിക്കേണ്ടിവരും . എത്ര നല്ല മേക്കപ്പ് മാനുണ്ടെങ്കിലും ഇവ രണ്ടും ഒരുപോലെയാവില്ല. കാണികൾ കുറ്റം പറയുന്നത് സംവിധായകനെയായിരിക്കും.


സിനിമയിൽ ഏറ്റവും ദു:ഖമനുഭവിക്കുന്ന വ്യക്തി നിർമ്മാതാവാണ്. ഒരു ചിത്രം ഓടിയാലും ഇല്ലെങ്കിലും നടന് പ്രതിഫലം കിട്ടും. എന്നാൽ ചിത്രം ഓടിയില്ലെങ്കിൽ നഷ്ടം വരുന്നത് നിർമ്മാതാവിനു മാത്രമാണ്. ചിത്രം നിർമ്മിച്ച് പെരുവഴിയിലായ അനവധി നിർമ്മാതാക്കളുണ്ട്. ആദ്യസിനിമയിൽ അയ്യായിരത്തിലോ പതിനായിരത്തിലോ തുടങ്ങിയിട്ട് പ്രതിഫലം കോടികളിലേക്ക് ഉയർത്തുന്ന നടന് എന്നും എവിടെയും ലാഭം മാത്രമേയുള്ളു. ഈ സത്യം നടീനടന്മാർ മനസ്സിലാക്കേണ്ടതാണ്. അങ്ങനെ മനസ്സിലാക്കിയവരാണ് പ്രേംനസീർ സത്യൻ, മധു, ജയൻ തുടങ്ങിയവർ. പ്രേംനസീറിനെയും ജയനെയും പോലെ എല്ലാവരും പെരുമാറണമെന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പ്രേംനസീർ ഒരു അപൂർവ്വജന്മമായിരുന്നു.


നിർമ്മാതാവുണ്ടെങ്കിലേ സിനിമയുള്ളു....ഈ യാഥാർഥ്യം എല്ലാവരും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ എല്ലാ നടന്മാരും മോഹൻലാൽ ആന്റണി പെരുമ്പാവൂരിനെ സൃഷ്ടിച്ചതു പോലെ സ്വന്തം നിർമ്മാതാക്കളെ സൃഷ്ടിക്കേണ്ടതായി വരും. . ചന്ദ്രകാന്തം (1974) മുതൽ ' അമ്മയ്ക്കൊരു താരാട്ട് (2015) വരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും പലിശയ്ക്കു കടം വാങ്ങിയ പണവും ഉപയോഗിച്ച് ഇരുപത്തിയഞ്ചു സിനിമകൾ നിർമ്മിച്ച ഒരു സ്വതന്ത്ര നിർമ്മാതാവ് എന്ന നിലയിലും മുപ്പതോളം ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലുമാണ് ഞാൻ ഇത്രയും എഴുതുന്നത്'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K