14 November, 2019 08:32:21 PM
പാലാ -തൊടുപുഴ ഹൈവേയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു
പാലാ: സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴാച്ചേരി ചിറയ്ക്കല്‍ പരേതനായ തോമസിന്‍റെ മകന്‍ സിന്‍റോ തോമസ് (35) ആണ് മരിച്ചത്. പാലാ - തൊടുപുഴ ഹൈവേയില്‍ പയപ്പാര്‍ വലിയവളവിന് സമീപം ബുധനാഴ്ച രാവിലെ 8.15 ഓടെയായിരുന്നു അപകടം. പാലാ ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സിന്‍റോയുടെ സ്‌കൂട്ടറും പാലാ- പ്ലാശനാല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്‍റ് ജൂഡ് ബസുമാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരുക്കേറ്റ സിന്‍റോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. പാലായിലെ മത്സ്യവില്പനശാലയിലെ ജീവനക്കാരനായിരുന്ന സിന്‍റോ ആഴ്ചകൾക്ക് മുമ്പ് ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പണി നിര്‍ത്തിപോന്നിരുന്നു. പുതുതായി വാങ്ങിയ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടത്തില്‍പെട്ടത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍. മാതാവ് : ലീലാമ്മ തോമസ്. സഹോദരങ്ങള്‍: ബിന്ദു, സിന്ധു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടിലെത്തിക്കും.