14 November, 2019 10:34:11 AM
ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കും: ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന്; വിയോജിച്ച് 2 ജഡ്ജിമാര്‍
ദില്ലി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും. ഇക്കാര്യം ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കണമെന്ന് ഭൂരിപക്ഷ വിധിയിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.
മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകം എന്ത് എന്ന സംവാദം പുനരുജ്ജീവിപ്പിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വിശാല ബെഞ്ച് പരിശോധന നടത്തണം. ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങില്ല. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയവും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ ബെഞ്ചിനു വിടാനുള്ള തീരുമാനത്തോട് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും വിയോജിച്ചു. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനത്തെ ഇതിനോടു ചേര്‍ത്തുവയ്ക്കുന്നതിനെ വിയോജിപ്പു വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് എതിര്‍ത്തു.
ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്. ഇവരില്‍ ചീഫ് ജസ്റ്റിസ് ഒഴികെ നാലു പേരും ശബരിമല കേസില്‍ വിധി പറഞ്ഞ ബെഞ്ചില്‍ അംഗങ്ങളായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു ബെഞ്ചിലെ അഞ്ചാമന്‍. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഒഴികെയുള്ളവര്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചാണ് വിധിയെഴുതിയത്.
ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീ പ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്. ഏഴംഗ ബഞ്ചിന് മാറ്റിയതോടെ യുവതീപ്രവേശത്തിനായി ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ ഹർജിയിൽ ആദ്യം മുതൽ വീണ്ടും വാദം കേള്‍ക്കും.
പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വിജ്ഞാപനത്തിനുപുറമേ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്‍റെ മൂന്നാം (ബി) വകുപ്പും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലും ആര്‍ത്തവകാലത്ത് സ്ത്രീകളെ വിലക്കുന്നതിന് നിയമ പിന്‍ബലം ഇല്ലാതായി. അതിനാല്‍, പുനഃപരിശോധനാ ഹര്‍ജിയിലെ വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നു പറയാം. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006-ല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി 2018 സെപ്റ്റംബർ 28നുണ്ടായത്.
യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ 56 പുനപ്പരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. നാലു പുതിയ റിട്ട് ഹര്‍ജികളും അഞ്ച് ട്രാന്‍സ്ഫര്‍ ഹര്‍ജികളും ഇതിനൊപ്പം കോടതി പരിഗണിച്ചു. ഫെബ്രുവരി ആറിന് തുറന്ന കോടതിയിലായിരുന്നു വാദം കേള്‍ക്കല്‍. പുനപ്പരിശോധന ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്തയുടെ വാദം. ക്ഷേത്രത്തില്‍ യുവതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഹിന്ദു മതവിശ്വാസത്തിന്‍റെ അവിഭാജ്യഭാഗം അല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. വിധിയുടെ പേരില്‍ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളോ സാമൂഹ്യ പ്രശ്‌നങ്ങളോ കോടതി പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം വാദത്തിനിടെ പറഞ്ഞു.
അനുച്ഛേദം 15 പ്രകാരം ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത മതസ്ഥാപനങ്ങള്‍ക്കു ബാധകമല്ലെന്നായിരുന്നു എന്‍എസ്‌എസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ പരാശരന്‍റെ വാദം. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അതിനെ അയിത്തമായി കണക്കാക്കിയത് തെറ്റായ വ്യാഖ്യാനമാണെന്ന് പരാശരന്‍ വാദിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതുകൊണ്ടാണ് പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം കോടതി പരിഗണിക്കണമെന്നും എന്‍എസ്‌എസിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 'അസഹ്യ'മല്ലാത്ത ഒരു കാര്യത്തിന്‍റെ പേരില്‍ മതവിശ്വാസത്തില്‍ കോടതി ഇടപെടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിലെ നിയന്ത്രണം മതത്തിന്‍റെയോ ജാതിയുടെയോ വര്‍ഗത്തിന്‍റെയോ പേരില്‍ അല്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ മനു സിംഗ്വി പറഞ്ഞു. ഹിന്ദുമതത്തിന്‍റെ വൈവിധ്യം കൂടി കണക്കിലെടുത്തുകൊണ്ടു വേണം ഭരണഘടനാ ധാര്‍മികത ഈ കേസില്‍ പ്രയോഗിക്കാനാണെന്ന് സിംഗ്വി വാദിച്ചു.
മതവിശ്വാസത്തിനുള്ള മൗലിക അവകാശത്തില്‍ പ്രതിഷ്ഠയുടെ സ്വഭാവം കൂടി ഉള്‍പ്പെടുന്നുണ്ടെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ വി ഗിരി ചൂണ്ടിക്കാട്ടി. ഇത് മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകം തന്നെയാണെന്ന് വി ഗിരി പറഞ്ഞു.