12 November, 2019 08:24:55 AM
അതിരമ്പുഴ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം
കോട്ടയം: അതിരമ്പുഴ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ തീ പിടുത്തം. ചൊവ്വാഴ്ച വെളുപ്പിനെ 5 മണിയോടെയാണ് പച്ചക്കറി മാർക്കറ്റിനുസമീപം പ്രവർത്തിക്കുന്ന മിഠായിക്കട എന്നറിയപ്പെടുന്ന ധനേഷ് സ്റ്റോഴ്സിലാണ് ഇന്നു രാവിലെ അഞ്ചിനു തീപിടിത്തമുണ്ടായത്. വെളുപ്പിനു ചന്തയിലെത്തിയ നാട്ടുകാരാണു കടയിൽനിന്നും തീ ഉയരുന്നതു കണ്ടത്. അഗ്നിബാധയില്‍ 40 ലക്ഷ രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
അതിരമ്പുഴ കദളിമറ്റം തലയ്ക്കൽ ഗോപാലന്റെ ഉടസ്ഥതയിലുള്ള കടയാണ്. ഇൻവെർട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിന് കാരണമെന്നു കരുതുന്നു. ആദ്യം കടയുടെ താഴത്തെ നിലയിലും പിന്നീട് സാധനങ്ങൾ സൂക്ഷിക്കാനായി കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന മുകൾതട്ടിലേക്കും തീ പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ പഴയ കെട്ടിടത്തിനും കാര്യമായ ബലക്ഷയം സംഭവിച്ചു. ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.
തീ അണയ്ക്കാൻ കഴിയാതെ വന്നതോടെ കടയുടെ പിൻഭാഗത്ത് ഭിത്തിയുടെ കുറച്ചുഭാഗം പൊളിച്ച് മാറ്റിയാണു മുകൾ നിലയിലെ തീ അണച്ചത്. കോട്ടയത്തുനിന്നുമുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ ജെസിബി ഉപയോഗിച്ചാണു കടയ്ക്കുള്ളിലെ സാധനങ്ങൾ പുറത്തെത്തിച്ചത്.