11 November, 2019 06:37:01 PM


നവജാതശിശുവിന്‍റെ മൃതദേഹം മറവു ചെയ്ത സംഭവം; പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തി നഗരസഭ



ഏറ്റുമാനൂര്‍: നഗരസഭയുമായുള്ള പോര്‍വിളികള്‍ക്കൊടുവില്‍ നവജാതശിശുവിന്‍റെ മൃതദേഹം പോലീസ് മറവു ചെയ്ത സംഭവം വഴിത്തിരിവില്‍. സംസ്കരിക്കാൻ ഇടം നൽകാതെ നവജാത ശിശുവിന്‍റെ മൃതദേഹത്തോട് നഗരസഭ അനാദരവ് കാട്ടിയെന്ന  ആരോപണമുന്നയിച്ച പോലീസ് മൃതദേഹം മറവ് ചെയ്യുന്നതിനുള്ള അനുമതി രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നഗരസഭയ്ക്ക് കത്ത് നല്‍കി. കഴിഞ്ഞ 8നായിരുന്നു നഗരസഭയുമായി ഒട്ടേറെ വാദപ്രതിവാദങ്ങള്‍ നടത്തിയ ശേഷം പോലീസ് മൃതദേഹം സംസ്കരിച്ചത്. മൂന്നാം ദിവസം അനുമതി ആവശ്യപ്പെട്ട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയതില്‍ ദുരൂഹതയേറുന്നു.


മേരി എന്ന യുവതിയുടെ ഒരു ദിവസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് 1679/19 ക്രൈം നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.  മൃതദേഹം നഗരസഭയുടെ പൊതുശ്മശാനത്തില്‍ മറവു ചെയ്യുന്നതിന് 8ന് മുനിസിപ്പല്‍ ചെയര്‍മാന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നുവെന്ന് കാട്ടിയാണ് എസ്ഐ തിങ്കളാഴ്ച നഗരസഭാ സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നാളിതുവരെ സ്റ്റേഷനില്‍ രേഖാമൂലം ലഭിച്ചിട്ടില്ലന്നും എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.


നഗരസഭയുടെ മേല്‍ പഴി ചാരിയ പോലീസ് പ്രതിസ്ഥാനത്ത് വരുമെന്ന് ഭയന്നാണ് ഇപ്പോള്‍ ഇത്തരമൊരു കത്ത് നല്‍കിയതെന്നാണ് നഗരസഭാ അധികൃതരുടെ പക്ഷം. കുട്ടിയുടെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്കരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് 8ന് അതരിമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് കത്ത് നല്‍കിയിരുന്നത്. ഇതിന് അനുവാദം നല്‍കിയുള്ള മറുപടി അപ്പോള്‍ തന്നെ ഇ-മെയില്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സംസ്കാരം നടത്തേണ്ടതിനു പകരം പോലീസ് ധൃതിയില്‍ മൃതദേഹം മറവ് ചെയ്തതിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്.


നഗരസഭ സംസ്കാരത്തിന് സൌകര്യങ്ങള്‍ കൃത്യസമയത്ത് ഒരുക്കിയില്ലെന്ന പരാതിയുമായാണ് പോലീസ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. എന്നാല്‍ യുവതിയുടെ താമസസ്ഥലവും പ്രസവം നടന്ന ആശുപത്രിയും തങ്ങളുടെ പരിധിക്കുള്ളില്‍ അല്ലാതിരുന്നിട്ടും കാര്യക്ഷമമായ ഇടപെടലാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറയുന്നു. കുട്ടിയുടെ മാതാവോ ബന്ധുക്കളോ ഏറ്റെടുക്കാത്ത മൃതദേഹം ധൃതിപിടിച്ച് സംസ്കരിച്ചതില്‍ പോലീസ് സംശയത്തിന്‍റെ നിഴലിലാണ്. പോലീസിന്‍റ നടപടിയില്‍ പ്രതിഷേധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ ഉന്നതാധികാരികള്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K