10 November, 2019 03:15:47 PM
കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങി മരിച്ചു
കിടങ്ങൂർ: കാവാലിപ്പുഴ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങി മരിച്ചു. ആർപ്പൂക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും അതിരമ്പുഴ കോട്ടമുറി താന്നിക്കൽ ഷിയാസിന്‍റെയും ഹസീനയുടെയും മകനുമായ ആഷിക് ഷിയാസാണ് (16) മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൾക്കൊപ്പം പുഴയിൽ നീന്തവെ നിലയില്ലാക്കയത്തിൽ മുങ്ങി താഴുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
കാവാലിപ്പുഴ ബീച്ചിൽ വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി കാഴ്ചകൾ കാണാനായി എത്തിയതായിരുന്നു ആഷികും സുഹൃത്തുക്കളും അടങ്ങിയ സംഘം. ആറിന്‍റെ മധ്യഭാഗത്ത് എത്തിയതോടെ നീന്താനിറങ്ങിയ കുട്ടികളുടെ കൈകാലുകൾ കുഴയുകയും ആഷിക് വെള്ളത്തിലേയ്ക്കു താഴ്ന്ന് പോകുകയായിരുന്നു. ആഷിക്കിന്‍റെ സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. ഒരു മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ ഒന്നരയോടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സഹോദരങ്ങള്‍: അഷ്കര്‍, അഫ്സാന. കബറടക്കം ഇന്ന് രാത്രി 8ന് കൈതമല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.