09 November, 2019 05:57:50 PM
ശിശുവിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയില്ല; നിയമലംഘനം നടത്തിയത് പോലീസെന്ന് ഏറ്റുമാനൂര്‍ നഗരസഭ
കോട്ടയം: നവജാതശിശുവിന്‍റെ മൃതദേഹത്തോട് തങ്ങള്‍ അനാദരവ് കാണിച്ചിട്ടില്ലെന്നും വിഷയത്തില്‍ നിയമലംഘനം നടത്തിയതും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും ഏറ്റുമാനൂര്‍ പോലീസാണെന്നും ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്. പ്രശ്‌നത്തില്‍ പൊലീസിന്‍റെ നടപടികള്‍ക്കെതെിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭയില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ പോലീസ് അനുമതി തേടി അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ അനുമതി നല്‍കി. ഇതെല്ലാം മറച്ചുവെച്ച് നഗരസഭയെ പൊതുജനമധ്യത്തില്‍ അവഹേളിക്കാന്‍ ആസൂത്രിതമായ നീക്കമാണ് പൊലീസ് നടത്തിയത്. അനുമതിയില്ലാതെ നഗരസഭയുടെ ശ്മശാനത്തില്‍ കുഴിയെടുത്ത പൊലീസ് നടപടി നിയമവിരുദ്ധമാണ്. ഇത് കുറ്റകരമാണ്. വിഷയത്തില്‍ പൊലീസ് നാടകം കളിക്കുകയായിരുന്നു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും നഗരസഭാംഗങ്ങള്‍ പറഞ്ഞു.
മൃതദേഹം സംസ്‌ക്കരിക്കുന്നതിന് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. കുട്ടി മരിച്ചത് അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറിയാണ് മൃതദേഹം മറവുചെയ്യുന്നതടക്കമുള കാര്യങ്ങളില്‍ ചുമതലപ്പെട്ടത്. ചെലവ് വഹിക്കേണ്ടതും ഇവരാണ്. ഇതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെ മൃതദേഹം മറവുചെയ്യാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ, മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കിയ വിവരം നഗരസഭാ സെക്രട്ടറി അതിരമ്പുഴ പഞ്ചായത്തിന് ഇ-മെയിലിലൂടെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം സംസ്‌ക്കരിക്കാന്‍ രണ്ട് കണ്ടിജെന്‍റ് ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ നാടകീയ നീക്കത്തിലൂടെ പൊലീസ് സ്വയം കുഴികുത്തി മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ആസൂത്രിതമായി നഗരസഭക്കെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയുമായിരുന്നു.
കുഞ്ഞിന്‍റെ മൃതദേഹം വെച്ച് നഗരസഭ വിലപേശിയിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലായിരുന്നു. നഗരസഭക്ക് മുന്നില്‍ കൊണ്ടു വന്ന് വിലപോശിയെന്ന ആരോപണമാണ് പ്രചരിച്ചത് . ഇത് കുപ്രചരണമാണ്. മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് നേരിട്ട് ശ്ശമാനത്തിലേക്ക് കൊണ്ടു പോയതെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധിക്കാന്‍ എല്ലാ സംഘടനകള്‍ക്കും അവകാശമുണ്ടെന്ന് ആരോഗ്യകാര്യ സമിതിയധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ അക്രമത്തെ അംഗീകരിക്കാന്‍ കഴിയില്ല. പോലീസ് പ്രചരിപ്പിച്ച തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്ന ഇവരുടെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ ലൗലി ജോര്‍ജ്, വിജി ഫ്രാന്‍സിസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.