08 November, 2019 07:06:11 PM


നവജാത ശിശുവിന്‍റെ മൃതദേഹത്തോട് അനാദരവ്; ഏറ്റുമാനൂര്‍ നഗരസഭാ മാര്‍ച്ച് അക്രമാസക്തമായി



ഏറ്റുമാനൂര്‍: നവജാതശിശുവിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഏറ്റുമാനൂര്‍ നഗരസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാന കവാടത്തില്‍ പോലീസ് തടഞ്ഞെങ്കിലും തുറന്നുകിടന്ന മറ്റൊരു കവാടത്തിലൂടെ നഗരസഭ ഓഫിസില്‍ ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെയര്‍മാന്‍റെ കാബിനില്‍ എത്തി നെയിംബോര്‍ഡുകള്‍ തകര്‍ത്തു. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.


നഗരസഭയും പോലീസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ നവജാതശിശുവിന്‍റെ സംസ്കാരം 22 മണിക്കൂര്‍ വൈകി നടന്നത് ഏറെ വിവാദമായിരുന്നു. ഏഴാം തീയതി രാവിലെ വേദഗിരി സ്വദേശി യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. വാടകയ്ക്കു താമസിക്കുന്ന ഇവർ മൃതദേഹം ഏറ്റെടുക്കാതെ വന്നതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു. 


ആശുപത്രി പരിധിയിൽപെട്ട അതിരമ്പുഴ പഞ്ചായത്തിൽ ശ്മശാനമില്ലാത്തതിനെ തുടർന്നാണ് പൊലീസ് ഏറ്റുമാനൂർ നഗരസഭയെ സമീപിച്ചത്. അതിരമ്പുഴ പഞ്ചായത്തിന്‍റെ എൻഒസി, ഇൻക്വസ്റ്റ് റിപ്പോർട്ട് തുടങ്ങിയ രേഖകൾ നൽകിയാൽ സംസ്കരിക്കാമെന്ന് നഗരസഭ അറിയിച്ചെങ്കിലും ഇവയുമായി പോലീസ് തിരിച്ചെത്തിയപ്പോഴേക്കും ഓഫിസ് സമയം കഴിഞ്ഞിരുന്നു. അതിനാൽ സംസ്കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.


വെള്ളിയാഴ്ച രാവിലെ ചെന്നപ്പോൾ നഗരസഭ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. കുപിതനായ എസ്ഐ മൃതദേഹവുമായി കുത്തിയിരിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ നഗരസഭാ അധികൃതര്‍ വഴങ്ങി. പക്ഷെ സംസ്കാരം നടത്താൻ ജീവനക്കാരെ വിട്ടു നൽകിയില്ല. മൃതദേഹം കൊണ്ടുവന്ന് സംസ്കാരം നടത്തുക തങ്ങളുടെ ജോലിയല്ലെന്നായിരുന്നു നഗരസഭാ അധികൃതരുടെ നിലപാട്. ഒടുവിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ കുഴിവെട്ടി സംസ്കാരം നടത്തുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് ജോസ്, ഏറ്റുമാനൂര്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ്  നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്ഐ സജിയാണ് കുഴിവെട്ടി മൃതദേഹം സംസ്കരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K