07 November, 2019 12:40:13 PM


അരി കേടാകാതിരിക്കാന്‍ കീടനാശിനി; ഏറ്റുമാനൂരില്‍ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം



ഏറ്റുമാനൂര്‍: അരി കേടാകിതിരിക്കാന്‍ കീടനാശിനി വിതറിയതിനെ തുടര്‍ന്ന് കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റുമാനൂര്‍ പേരൂര്‍ കവലയിലെ കൊച്ചുപുരയ്ക്കല്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തില്‍ എത്തിയ അരി ലോറിയില്‍ നിന്നും ഇറക്കികൊണ്ടിരുന്ന തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്ഥാപനത്തിന്‍റെ അതിരമ്പുഴയിലുള്ള ഗോഡൌണില്‍ നിന്നും എത്തിച്ച അരിചാക്കുകള്‍ക്കിടയിലാണ് കീടനാശിനിയായ സെല്‍ഫോസ് വിതറിയിരുന്നത്.


മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴാണ് തങ്ങള്‍ക്ക് ശ്വാസതടസവും ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെല്‍ഫോസ് പൊട്ടിച്ച് വിതറിയ നിലയില്‍ കണ്ടെത്തിയത്. പൊടി രൂപത്തിലുള്ള കീടനാശിനി ശരീരത്ത് പറ്റിയതാണ് ചൊറിച്ചിലിന് കാരണമായത്. കീടനാശിനിയുടെ കവറുകളും തൊഴിലാളികള്‍ അരിചാക്കുകള്‍ക്കിടയില്‍ നിന്ന് ശേഖരിച്ചു. ചുവന്ന മാര്‍ക്കോട് കൂടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ഈ കീടനാശിനി ഒരു കാരണവശാലും ആഹാരസാധനങ്ങല്‍ക്കിടയില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.



ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ അരിയിറക്കുന്നത് ഉപേക്ഷിച്ച് പോകുകയായിരുന്നു. അതേസമയം ഈ കീടനാശിനി വെയര്‍ ഹൌസുകളിലും സിവില്‍ സപ്ലൈസ് ഗോഡൌണുകളിലും ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കടയുടമ തോമസുകുട്ടി പറയുന്നത്. വിവരമറിഞ്ഞ് ഏറ്റുമാനൂര്‍ പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും സ്ഥലത്തെത്തി. ചാക്കിനിടയില്‍ കൈയിട്ട് നോക്കിയ തനിക്കും ചൊറിച്ചില്‍ അനുഭവപ്പെട്ടതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. 



ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഡോ.തെരസിലിന്‍ ലൂയിസിന്‍റെ നേതൃത്വത്തിലുള്ള സംഘം പിരശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. കണ്ടെത്തിയ സെല്‍ഫോസ് എന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ളത് അലുമിനിയം ഫോസ്ഫൈഡാണ്. കീടങ്ങളെ നശിപ്പിക്കുന്നതിന് ഫ്യൂമിഗേഷന് വേണ്ടി അംഗീകൃത ഏജൻസികൾക്കു മാത്രമേ ഇത് ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവിടെ വ്യാപാരി അനധികൃതമായാണ് ഈ കീടനാശിനി ഉപയോഗിച്ചിരിക്കുന്നത്. ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിച്ചേക്കാം. സാമ്പിൾ പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡോ. തെരസിലിൻ ലൂയിസ് പറഞ്ഞു.


ഇപ്പോൾ എത്തിയ അത്രയും ചാക്ക് അരി ബാച്ച് നമ്പരും മറ്റും രേഖപ്പെടുത്തി സൂക്ഷിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനാ ഫലം എത്തിയ ശേഷം കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളെ കുറിച്ച് ചിന്തിക്കുമെന്നും  ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, വൈസ് ചെയര്‍പേഴ്സണ്‍  ലൌലി ജോര്‍ജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസ്, പൊതുമരാമത്ത് സ്ഥിരം സമി അധ്യക്ഷ വിജി ഫ്രാന്‍സിസ്, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനു എന്നിവരും സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.3K