06 November, 2019 07:55:32 AM


പൊളിച്ചുമാറ്റിയ തട്ടുകടകള്‍ വീണ്ടും സജീവം; പാചകത്തിന് ഉപയോഗിക്കുന്നത് ഉപയോഗശൂന്യമായ വെള്ളം



കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളേജിന് മുന്നിലുള്ള പ്രധാന പാതയുടെ വശങ്ങൾ അനധികൃത കൈയ്യേറ്റം നടത്തി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും നോട്ടീസ് നല്കി. ഭക്ഷണം പാകം ചെയ്യുന്ന ജലം ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെ പരിശോധിക്കാനായി തട്ടുകടകളിൽ നിന്നും ശേഖരിച്ച്കൊണ്ടുപോയിരുന്നു. പരിശോധനാ ഫലം ലഭിച്ചപ്പോൾ ഇവിടെ നിന്നും ശേഖരിച്ച ജലം കുടിവെള്ളമായോ ഭക്ഷണ പദാർത്ഥങ്ങൾക്കായോ ഉപയോഗിക്കുവാൻ കൊള്ളുകയില്ലാത്തതായിട്ടാണ് കണ്ടെത്തിയത്.


വെള്ളം വീണ്ടും പരിശോധിച്ച് ഉപയോഗയോഗ്യമാണെന്നു ഉറപ്പു വരുത്തിയിട്ടു മാത്രം കടകൾ പ്രവർത്തിച്ചാൽ മതി എന്നു കാണിച്ചാണ് ഉടമകൾക്ക് നോട്ടീസ് നല്കിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഏറ്റുമാനൂർ സർക്കിൾ ഓഫീസർ ഡോ. തെരസ് ലിൻ ലൂയിസ്, കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസർ എം ടി ബേബിച്ചൻ എന്നിവരാന്ന് നോട്ടീസ് നല്കിയത്. മെഡിക്കൽ കോളേജ് പരിസരത്ത് അനധികൃമായി പ്രവർത്തിക്കുന്ന തട്ടുകടകൾ വൃത്തിഹീനമായും ഭക്ഷണം പാകം ചെയ്യുന്ന വെള്ളം ഉൾപ്പെടെ മലിനമാണെന്നും കാണിച്ച് നിരവധി പരാതികളാണ് മുമ്പ് ഉണ്ടായിട്ടുള്ളത്.


നഗര വികസന സമിതിയിൽ ജനപ്രതിനിധികളടക്കം ശക്തമായ നിലപാട് സ്വീകരിക്കുകയും സ്ഥലത്തെ തട്ടുകടകൾ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും കടകൾ ആരംഭിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരും തട്ടുകടകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമായി പ്രദേശത്ത് കുറെയൊക്കെ ശാന്തതയും ശുചിത്വവും ഉറപ്പാക്കാനും കഴിഞ്ഞിരുന്നു. വീണ്ടും അനധികൃതമായി തട്ടുകടകൾ മുളച്ചുപൊന്തിയതോടെ എല്ലാം പഴയപോലെ ആയിക്കഴിഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K