05 November, 2019 06:47:02 PM
തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് കടത്തിയ മൊത്തവിതരണക്കാരന് അഞ്ച് വര്‍ഷം കഠിനതടവ്
പാലാ: തമിഴ് നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിവന്നിരുന്ന മൊത്തവിതരണക്കാരനായ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും. 3.030 കിലോഗ്രാം കഞ്ചാവുമായി പാലാ പോലീസിന്‍റെ പിടിയിലായ തേനി കമ്പം കുറുങ്കമയൽ തെരുവ് കാര്യമുട്ടം മണി മകൻ രാസാങ്ക (44) ത്തിനാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ ജഡ്ജി കെ.കെ.സുജാത അഞ്ച് വർഷം കഠിന തടവിനും 50000 രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.
2013 മെയ് 12നാണ് അന്ന് പാലാ പോലീസ് സബ് ഇൻസ്പക്ടർ ആയിരുന്ന സിബി തോമസും സംഘവും കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനടുത്ത് നിന്ന് പ്രതിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. പാല പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.ജി. സനൽകുമാർ കുറ്റപത്രം നല്‍കിയ കേസിൽ തൊടുപുഴ സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.