30 October, 2019 09:04:48 PM


റെയില്‍വേ ലൈനില്‍ അറ്റുകുറ്റ പണികള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്

- രാജേഷ് കടുത്തുരുത്തി




കടുത്തുരുത്തി: റെയില്‍വേ ലൈനില്‍ അറ്റുകുറ്റപ്പണികള്‍ നടത്തുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. എറണാകുളം സെക്ഷനിലെ ഇലക്ട്രിക് ലൈന്‍ ജോലിക്കാരായ പന്തളം സ്വദേശി സബീറ (24), മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി മഹേഷ് (53) എിവര്‍ക്കാണ് പരിക്കേറ്റത്. ദേഹമാസകലം പൊള്ളലേറ്റ മഹേഷിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം കല്ലിങ്കല്‍ ഭാഗത്തു വച്ചാണ് അപകടം.

ട്രാക്കിന് മുകളിലൂടെ കടന്നു പോകുന്ന ലൈനുകളില്‍ ഒരു ട്രാക്കിലെ ലൈന്‍ ഓഫാക്കിയശേഷം ഗോവണി വച്ച് മുകളില്‍ കയറി മഹേഷ് ജോലി ചെയ്യുന്നതിനിടയില്‍ ഗോവണി തെന്നി അടുത്ത ട്രാക്കിലെ വൈദ്യുതിയുള്ള ലൈനിലേക്ക് മറിയുകയായിരുന്നു. അതേ സമയം താഴെ ഗോവണിയില്‍ പിടിച്ചുകൊണ്ട് നിന്ന സബീറക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രാഥമിക ചികിത്സക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K