20 October, 2019 03:42:49 PM
മോഷണക്കേസിലെ പ്രതി കോട്ടയം മെഡി.കോളേജില്‍ നിന്നും രക്ഷപെട്ടു; മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മോഷണക്കേസിലെ പ്രതി പോലീസുകാരെ പറ്റിച്ച് രക്ഷപെട്ടു. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തു. മോഷണക്കേസില്‍ 2017ല്‍ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ രാമങ്കരി മാമ്പുഴക്കരി ചിറയില്‍ സണ്ണി ജോസഫ് (60) ആണ് ഞായറാഴ്ച രാവിലെ ചായ കുടിക്കാന്‍ കൊണ്ടുപോയപ്പോള്‍ മെഡിക്കല്‍ കോളേജ് കാന്‍റീനില്‍ നിന്നും ഓടി രക്ഷപെട്ടത്.
പൊന്‍കുന്നം ജയിലിലായിരുന്ന സണ്ണിയെ മാനസികാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എട്ട് മാസം മുമ്പാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പതിവുപോലെ കാന്‍റീനില്‍ രാവിലെ കാപ്പി കുടിച്ച ശേഷം കൂടെയുള്ള പോലീസുകാര്‍ ബില്‍ കൊടുക്കാന്‍ തിരിഞ്ഞ തക്കത്തിനാണ് സണ്ണി രക്ഷപെട്ടതത്രേ. തുടര്‍ന്ന് ഇയാള്‍ക്ക് കാവല്‍ നിന്നിരുന്ന കോട്ടയം എ.ആര്‍ ക്യാമ്പിലെ മൂന്ന് പോലീസുകാരെയും സസ്പെന്‍റ് ചെയ്തു. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഗാന്ധിനഗർ പോലിസ് സ്റ്റേഷനിലോ (ഫോണ്‍- 0481 2597210) അറിയിക്കണം. ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അനൂപ് ജോസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.