10 October, 2019 12:43:48 PM


'ഇനി കാക്കി വേണ്ട': കോട്ടയം മെഡി. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ യൂണിഫോം മാറ്റണം - ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം




കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ കാക്കി യൂണിഫോമില്‍ വ്യത്യാസം വരുത്തണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. പോലീസ് യൂണിഫോമിന് സമാനമായ കാക്കി യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചുള്ള കത്ത് ജില്ലാ പൊലീസ് മേധാവി മെഡിക്കല്‍ കോളേജ് സൂപ്രിണ്ടിനും പ്രിന്‍സിപ്പാളിനും കഴിഞ്ഞ ദിവസം കൈമാറി. 


രോഗികളോടും കൂട്ടിരിപ്പുകാരോടും സെക്യൂരിറ്റി ജീവനക്കാര്‍ വളരെ മോശമായി പെരുമാറുന്നുവെന്ന പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് ഇവരുടെ യൂണിഫോം മാറ്റണമെന്ന ആവശ്യവുമുണ്ടായത്. വനിതാ വാര്‍ഡുകളില്‍ പുരുഷന്മാരായ കൂട്ടിരിപ്പുകാര്‍ക്ക് രാത്രിയില്‍ പ്രവേശനമില്ല. അതിനാല്‍ വാര്‍ഡുകള്‍ക്ക് പുറത്ത് വരാന്തയിലായിരുന്നു കൂട്ടിരിപ്പുകാരില്‍ കൂടുതല്‍ പേരും രാത്രി കഴിച്ചുകൂട്ടിയിരുന്നത്. രാത്രിയില്‍ വരാന്തയിലൂടെ റോന്ത് ചുറ്റുന്ന സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ചൂരലിന് അടിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പോലീസാണ് തങ്ങളെ അടിക്കുന്നതെന്നായിരുന്നു ഇവരില്‍ പലരും കരുതിപോന്നത്. വരാന്തയില്‍ കിടന്നുറങ്ങുന്ന കൂട്ടിരിപ്പുകാരെന്ന വ്യാജേന സാമൂഹ്യ വിരുദ്ധരുടെ കടന്നുകയറ്റം ഒഴിവാക്കാനാണ് ഇവരെ പുറത്ത് ഇറക്കിവിട്ടിരുന്നതെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ വാദം. 


സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസിനു സമാനമായ കാക്കി യൂണിഫോം ധരിക്കുന്നത് രോഗികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പരത്തുന്നു എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അത്യാഹിതവിഭാഗത്തിലും മോര്‍ച്ചറിയിലും മറ്റും എത്തുന്ന പോലീസുകാരോടൊപ്പം തൊപ്പിയില്ലാതെ സെക്യൂരിറ്റി ജീവനക്കാരെ കണ്ടാല്‍ പോലീസേത് സെക്യൂരിറ്റി ഏത് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും ചൂണ്ടികാണിക്കപ്പെട്ടു. പരാതി വ്യാപകമായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടല്‍.




സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ പൊലീസ് യൂണിഫോമിന് സമാനമായ കാക്കി യൂണിഫോം ധരിക്കുന്നതായും, ഇതിനെതിരെ അടിയന്തിര നടപടിയെടുക്കണമെന്നും കാട്ടി സംസ്ഥാന പോലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. കേരളാ പോലീസ് ആക്ട് സെക്ഷന്‍ 43, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 170, 171, 416, പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് (റഗുലേഷന്‍) ആക്ട് 2005 സെക്ഷന്‍ 21 എന്നിവ പ്രകാരം സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസ് യൂണിഫോമിനോട് സമാനമായ യൂണിഫോം ധരിക്കുന്നത് കുറ്റകരമാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. 


സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലറിന്‍റെ പകര്‍പ്പ് സഹിതമാണ് ജില്ലാ പോലിസ് മേധാവി ഒക്ടോബര്‍ 9 ന് തയ്യാറാക്കി 10ന് ഒപ്പിട്ട കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും ആശുപത്രി സൂപ്രണ്ടിനും അയച്ചത്. കത്തിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്കും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്കും കൈമാറിയിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K