07 October, 2019 09:44:39 PM
കാറിന്‍റെ മരണപാച്ചില്‍: അപകടത്തില്‍പെട്ടത് 5 വാഹനങ്ങള്‍; ഏറ്റുമാനൂരില്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
ഏറ്റുമാനൂര്‍: കാറിന്‍റെ മരണപാച്ചിലില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ അപകടത്തില്‍പെട്ടത് അഞ്ച് വാഹനങ്ങള്‍. ഇടിയേറ്റ രണ്ട് കാറുകളില്‍ സഞ്ചരിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രികര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നഗരത്തിലൂടെ ചീറിപാഞ്ഞ ഇന്നോവാ കാര്‍ രണ്ട് കാറുകളിലും ബൈക്കിലും ഉള്‍പ്പെടെ നാല് വാഹനങ്ങളില്‍ ഇടിച്ചത്. എം.സി.റോഡില്‍ 101 കവല മുതല്‍ തവളക്കുഴി ജംഗ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്ററിനുള്ളിലായിരുന്നു ഒരേ വാഹനം നാല് അപകടങ്ങള്‍ക്ക് വഴിവെച്ചത്.
ഏറ്റുമാനൂരില്‍ ആദ്യം ഒരു ബൈക്കില്‍ ഇടിച്ച ശേഷം പാഞ്ഞ കാര്‍ പടിഞ്ഞാറെനടയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്‍റെ പിന്നില്‍ ഇടിച്ചു. ഓണംതുരുത്ത് മറൂര്‍ തെക്കേതില്‍ ബാബുവിന്‍റെ സ്വിഫ്റ്റ് കാറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ യാത്രികരായുണ്ടായിരുന്നു. കാർ നിർത്തി യാത്രക്കാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. ഇടിച്ചയുടന്‍ പിന്നോട്ടെടുത്ത് വലത്തോട്ട് വെട്ടിച്ച് അമിതവേഗതയില്‍ എറണാകുളം ഭാഗത്തേക്ക് പാഞ്ഞ ഇന്നോവാ കാര്‍ തവളക്കുഴി ജംഗ്ഷനിലെത്തി ഒരു ടോറസ് ലോറിക്കിട്ട് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വലതുവശം മുന്‍ഭാഗത്തെ ടയര്‍ ഊരി തെറിച്ചുപോയി.
അവിടെനിന്നും നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ അങ്കമാലിയില്‍ നിന്നും കുമാരനല്ലൂരിലേക്ക് വരികയായിരുന്ന ഹ്യുണ്ടായ് കാറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഫോട്ടോവൈഡ് മാഗസിന്‍ പത്രാധിപരും ഫോട്ടോ ജേര്‍ണലിസ്റ്റുമായ എ.പി.ജോയിയും കുടുംബവുമായിരുന്നു ഈ കാറില്‍ സഞ്ചരിച്ചിരുന്നത്. ടയര്‍ ഊരിപോയതിനെതുടര്‍ന്ന് നിലത്തുരഞ്ഞ് തീപ്പൊരിയുമായി എതിര്‍ദിശയില്‍നിന്നും ഇന്നോവാ കാര്‍ പാഞ്ഞുവരുന്നത് കണ്ട് ജോയി കാര്‍ ബ്രേക്ക് ചെയ്ത് അല്‍പം വെട്ടിച്ചതിനാല്‍ ദുരന്തം ഒഴിവായി.
നാലാമത്തെ അപകടവുമുണ്ടായി ഇനി മുന്നോട്ട് ഓടില്ലെന്ന് മനസിലായതോടെ ഇന്നോവാ കാറിലുണ്ടായിരുന്ന ഒരാള്‍ ഇറങ്ങി ഓടി. ഒപ്പമുണ്ടായിരുന്ന കടപ്പൂര് സ്വദേശിയും സ്വകാര്യബസ് ഡ്രൈവറുമായ അനൂപി (27)നെ നാട്ടുകാര്‍ വളഞ്ഞുവെച്ച് പോലീസിന് കൈമാറി. താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അനൂപ് പിന്നീട് പോലീസിന് മൊഴി നല്‍കിയതായാണ് അറിയുന്നത്. ഈരാറ്റുപേട്ട കാരയ്ക്കാട് നടയ്ക്കല്‍ വലിയവീട്ടില്‍ ഷമീറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ ഇന്നോവാ കാര്‍.
തവളക്കുഴിയിലെ അപകടത്തെതുടര്‍ന്ന് ഒരു മണിക്കൂറോളം എം.സി.റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും ക്രയിന്‍ വിളിച്ചുവരുത്തി അപകടങ്ങള്‍ക്ക് വഴിവെച്ച കാര്‍ റോഡില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. നിരന്തരം അപകടമുണ്ടായിട്ടും കാര്‍ നിര്‍ത്താതെ പാഞ്ഞതും തവളക്കുഴിയില്‍ നിന്ന് കാറിലുണ്ടായിരുന്ന ഒരാള്‍ ഇറങ്ങിയോടിയതും ദുരൂഹതയുളവാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.