05 October, 2019 07:22:55 PM
'രംഗോത്സവ് 2019': സംസ്ഥാന കലോത്സവത്തില്‍ തൃശൂര്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളിന് കിരീടം
കോട്ടയം: ഐ.സി.എസ്.ഇ. സ്‌കൂളുകളുടെ അസ്സോസിയേഷനായ എ.എസ്.ഐ.എസ്.സി. കേരള റീജിയന്‍ സംഘടിപ്പിച്ച 'രംഗോത്സവ് 2019' അഖില കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഐ.സി.എസ്.ഇ. വിഭാഗത്തിലും ഐ.എസ്.സി. വിഭാഗത്തിലും തൃശ്ശൂര്‍ ഹരിശ്രീ വിദ്യാ നിധി സ്‌കൂളിന് ഓവറോള്‍ കിരീടം. തൃശ്ശൂര്‍ സാന്ദീപനി വിദ്യാനികേതന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കലാ മാമാങ്കത്തില്‍ 1800 ഓളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
എ.എസ്.ഐ.എസ്.സി. കേരളാ റീജിയന്‍ പ്രസിഡന്‍റും മാന്നാനം കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ഫാ. ജെയിംസ് മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രശസ്ത സിനിമാ നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് സമ്മാനദാനം നിര്‍വ്വഹിച്ചു. കവയിത്രി എളംകുളം ഷീല രാജന്‍ മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തില്‍ ഐ.എസ്.സി ബോര്‍ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും ദേശീയ തലത്തില്‍ രണ്ടാം റാങ്കും കരസ്ഥമാക്കിയ ഫിയോണ എഡ്‌വിന്‍ (ലെകോള്‍ സ്‌കൂള്‍, ചമ്പക, തിരുവനന്തപുരം), സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും ദേശീയ തലത്തില്‍ മൂന്നാം റാങ്കും കരസ്ഥമാക്കിയ അങ്കിത രാധാകൃഷ്ണന്‍ (ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരുവനന്തപുരം) എന്നിവര്‍ക്ക് പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി. ഐ.സി.എസ്.ഇ. പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയ നിമിത ജോസ് ഇടശ്ശേരി (സെന്റ് പാട്രിക്‌സ് അക്കാദമി, അങ്കമാലി) തുടങ്ങി ഉന്നത റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.
എ.എസ്.ഐ.എസ്.സി. കേരളാ റീജിയന്‍ സെക്രട്ടറി ഫാ. ജോര്‍ജ്ജ് മാത്യു കാരൂര്‍, പി.വി. മൈക്കിള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, റെജി മാത്യു, സൗമ്യ വാസുദേവന്‍, വൈസ് പ്രിന്‍സിപ്പാളുമാരുമായ ഫാ.ചാള്‍സ് മുണ്ടകത്തില്‍, ഷാജി ജോര്‍ജ്ജ്, കെ.ഇ. സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്‍റ് ജോമി മാത്യു, വൈസ് പ്രസിഡന്‍റ് സന്ധ്യാ ജി. കുറുപ്പ്, ജനറല്‍ കവീനര്‍ ബിന്‍സി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.