04 October, 2019 08:07:24 PM
നാല്‍പത് വർഷം മുമ്പ് വിദ്യാലയത്തിന്‍റെ പടികടന്നവര്‍ വീണ്ടും ഒത്തുകൂടി; പ്രിയപ്പെട്ട അധ്യാപകരെ ആദരിക്കാൻ
അതിരമ്പുഴ: നാല്പത് വർഷം മുമ്പ് വിദ്യാലയത്തിന്‍റെ പടികടന്ന വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ആദരിക്കാൻ ക്ലാസ് മുറിയിൽ ഒത്തുകൂടി. പ്രായാധിക്യത്തിന്റേതായ അവശതകൾ മറന്ന് അധ്യാപകർ ശിഷ്യഗണത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയത് ഹൃദ്യമായ അനുഭവമായി. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ 1979 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അലോഷ്യൻ അലുമ്നി 1979ന്റെ നേതൃത്വത്തിലായിരുന്നു അപൂർവ്വ സംഗമം സംഘടിപ്പിച്ചത്.
പത്താം ക്ലാസിൽ തങ്ങളെ പഠിപ്പിച്ച അധ്യാപകരെയാണ് ശിഷ്യന്മാർ ആദരിച്ചത്.92 വയസുകാരനായ പി.ജെ.ജോസഫ് പ്ലാമൂട്ടിൽ, 81കാരനായ കെ.സി.തോമസ് കല്ലുവേലിൽ, 74 കാരനായ പി.കെ.ജോർജ് പുളിനിൽക്കും തടത്തിൽ എന്നിവരാണ് ശിഷ്യഗണത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഗുരുക്കന്മാർ. 40 വർഷത്തിനുശേഷം ക്ലാസ് മുറിയിൽ ഒന്നിച്ചു കൂടിയ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സ്കൂൾ വിട്ടശേഷം ഇതാദ്യമായി ഒന്നിച്ചു കാണുന്നവരായിരുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും ഒന്നിച്ചു കൂടണമെന്ന് തീരുമാനിച്ചാണ് അവർ പിരിഞ്ഞത്.
സ്കൂൾ മാനേജർ റവ.ഡോ.ജോസഫ് മുണ്ടകത്തിൽ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.സുരേഷ് കുറുപ്പ് എം എൽ എ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. രാജു കുടിലിൽ, റോയി കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. അലോഷ്യൻ അലുമ്നി 1979ന്റെ ഭാരവാഹികളായി ഫാ.മാത്യു പവ്വഞ്ചിറ (രക്ഷാധികാരി), ജയിംസ് കുര്യൻ (പ്രസിഡന്റ്), ഡോ.മനോജ് ടി.ഐ. (വൈസ് പ്രസിഡന്റ്), രാജു കുടിലിൽ (സെക്രട്ടറി), സജീവൻ പി.ആർ. (ജോയിന്റ് സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഷാജു കെ.എ, ജയിംസ് ജോസഫ്, മുഹമ്മദ് ജലീൽ, പത്മകുമാർ, ജിമ്മി ജോർജ്, ബാബു ജോർജ്, പി.എൻ.പുഷ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.