28 March, 2016 01:39:38 PM
പത്ത് ചലച്ചിത്ര ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കി കേരളം
ദില്ലി : 63 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കേരളം സ്വന്തമാക്കിയത് പത്ത് പുരസ്‌കാരങ്ങള്‍.
സുസു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി. വിനോദ് മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്തത്.
എന്ന് നിന്റെ മൊയ്തീനിലെ 'കാത്തിരുന്നു...' എന്ന ഗാനത്തിന് എം. ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനായി. മികച്ച മലയാള ചിത്രമായി സലീം അഹ്മദ് സംവിധാനം ചെയ്ത്, മമ്മൂട്ടി പ്രധാനകഥാപാത്രമായ 'പത്തേമാരി' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള പുരസ്‌കാരം വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസമാണ് നേടിയത്.
സാമൂഹികപ്രതിബദ്ധതയുള്ള സിനിമയായി വി.കെ. പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം, പരിസ്ഥിതി ചിത്രമായി ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. 'ബെന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മോനോന്‍ മികച്ച ബാലതാരമായി.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കാമുകി'യാണ് മികച്ച ഹ്രസ്വചിത്രം. ഇത് രണ്ടാമത്തെ തവണയാണ് ക്രിസ്റ്റോയെ തേടി ദേശീയ അംഗീകാരം എത്തിച്ചേരുന്നത്. 'അമ്മ' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത നീലനും അരങ്ങിലെ നിത്യവിസ്മയം എന്ന ഡോക്യുമെന്ററിയിലെ വിവരണത്തിന് പ്രൊഫ. അലിയാറും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'അരങ്ങിലെ നിത്യവിസ്മയം'.
രമേഷ് സിപ്പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ പാനലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. സംവിധായകന്‍ ശ്യാമപ്രസാദായിരുന്നു മലയാളത്തില്‍ നിന്നുള്ള പ്രതിനിധി.