30 September, 2019 01:45:39 PM


യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു; ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാനെതിരെ വീണ്ടും കോണ്‍ഗ്രസ് പടയൊരുക്കം

സമാനസംഭവങ്ങളില്‍ നഗരസഭാ ചെയര്‍മാന്‍ എടുക്കുന്ന നിലപാടും ചര്‍ച്ചയാകുന്നു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭ ഭരിക്കുന്ന യുഡിഎഫില്‍ ഭിന്നത വീണ്ടും രൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായ ചെയര്‍മാനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍. നഗരസഭാ എ‍ഞ്ചിനീയറിംഗ് വിഭാഗം നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് സ്വകാര്യ വ്യക്തിയുടെ അനധികൃത മതില്‍ നിര്‍മ്മിക്കുന്നതിന് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് അനുമതി നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമായ 30-ാം വാര്‍ഡ് കൗണ്‍സിലര്‍ ടോമി പുളിമാന്‍തുണ്ടമാണ് രംഗത്തെത്തിയത്.


ഒരു കോണ്‍ഗ്രസ് അംഗം പരിചയപ്പെടുത്തിയ യുവതിയുവാക്കള്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കാത്ത സെക്രട്ടറിയ്‌ക്കെതിരെ ഏതാനും അംഗങ്ങള്‍ സംഘടിച്ചതാണ് മുമ്പ് ചെയര്‍മാനെതിരെ യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയത്. സെക്രട്ടറിയെ അവരുടെ കാബിനില്‍ തടഞ്ഞുവെച്ചുകൊണ്ട് നടത്തിയ സമരമുറയോട് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് അന്ന് യുഡിഎഫ് പാളയത്തില്‍ ചേരിതിരിവുണ്ടാക്കിയത്. ചെയര്‍മാനെ സ്ഥാനഭ്രഷ്ടനാക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നീക്കം നടത്തി വരവെയാണ് യുഡിഎഫ് ജില്ലാ നേതൃത്വവും ഡിസിസി പ്രസിഡന്‍റും വിഷയത്തില്‍ ഇടപെട്ടത്.


മുന്നണി ബന്ധങ്ങളെ ദോഷമായി ബാധിക്കുന്ന തമ്മിലടി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങളോട് ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നിര്‍ദ്ദേശിച്ചു. ഇതോടെ ഒതുങ്ങിയ കോണ്‍ഗ്രസ് നേതാവാണ് വീണ്ടും ചെയര്‍മാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നാട്ടുകാര്‍ നഗരസഭ മരാമത്ത് വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മതില്‍ നിര്‍മ്മാണം തടഞ്ഞതത്രേ. എന്നിട്ടും ചെയര്‍മാന്‍റെ ഒത്താശയോടെ നിര്‍മ്മാണം തുടരുന്നുവെന്നാണ് ടോമിയുടെ ആരോപണം.


എന്നാല്‍ ഒരു അനധികൃതനിര്‍മ്മാണത്തിനും താന്‍ കൂട്ടുനില്‍ക്കില്ലെന്നും നിയമപരമായി സ്റ്റോപ്പ് മെമ്മോ നല്‍കേണ്ടത് സെക്രട്ടറിയാണെന്നും അതിനുള്ള ചുമതല സെക്രട്ടറി എഞ്ചിനീയര്‍ക്ക് നല്‍കിയിട്ടില്ല എന്നുമാണ് ചെയര്‍മാന്‍റെ പക്ഷം. എന്നാല്‍ നിര്‍മ്മാണ പ്രവൃത്തികളില്‍ സാങ്കേതികപരമായി തീരുമാനം കൈകൊള്ളാനുള്ള അവകാശം എഞ്ചിനീയര്‍ക്ക് തന്നെയാണെന്നാണ് മറുപക്ഷം വാദിക്കുന്നത്. ഇതോടൊപ്പം തന്നെ  നഗരസഭാ പരിധിയില്‍ ഇതിനുമുമ്പുണ്ടായ സമാനസംഭവങ്ങളില്‍ ചെയര്‍മാനെടുത്ത നിലപാടും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.


മാസങ്ങള്‍ക്ക് മുമ്പ് 34-ാം വാര്‍ഡില്‍ നാട്ടുകാരുടെ പരാതിയെ അവഗണിച്ച് സ്വകാര്യവ്യക്തിക്ക് കുഴല്‍കിണര്‍ നിര്‍മ്മിക്കാന്‍ ചെയര്‍മാന്‍ ഏകപക്ഷീയമായി അനുമതി നല്‍കിയിരുന്നു. നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്ന വിഷയത്തില്‍ നഗരസഭ ഉചിതമായ തീരുമാനം കൈകൊള്ളേണ്ടതാണെന്ന ഭൂജലവകുപ്പിന്‍റെ കത്ത് അനുമതിപത്രമാണെന്ന് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അന്നത്തെ നടപടി. അന്ന് ചെയര്‍മാന് അനുകൂലമായി നിലപാടെടുത്ത ടോമി പുളിമാന്‍തുണ്ടമാണ് സമാനസ്വഭാവമുള്ള വിഷയത്തില്‍ ഇപ്പോള്‍ ചെയര്‍മാനെതിരെ തിരിഞ്ഞിരിക്കുന്നത്.   


ശക്തിനഗറില്‍ സ്വകാര്യവഴിയിലൂടെ കുടിവെള്ളത്തിന് പൈപ്പിടാനായി നടത്തിയ ജോലികള്‍ക്ക് അസിസ്റ്റന്‍റ് എഞ്ചിനീയറെ കൊണ്ട്  സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ശ്രമിക്കുകയും പൈപ്പിടുന്നതിന് ഓട കീറിയതിനെ ചോദ്യം ചെയ്ത് ഫൈന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയതും ഇതേ ചെയര്‍മാനാണ്. ടോമി പുളിമാന്‍തുണ്ടം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രതിനിധികള്‍ അന്ന് ചെയര്‍മാനോടൊപ്പമായിരുന്നു. അതേസമയം, അസിസ്റ്റന്‍റ് എഞ്ചീനീയറും ചെയര്‍മാനും ചേര്‍ന്ന് കത്ത് നല്‍കിയ നടപടി തന്‍റെ അറിവോടെ അല്ലെന്നായിരുന്നു പിന്നീട് സെക്രട്ടറി വ്യക്തമാക്കിയത്. സ്വകാര്യവഴിയില്‍ പൈപ്പിട്ട നടപടിയെ ചോദ്യം ചെയ്യാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്ന് പുതുതായി ചാര്‍ജെടുത്ത എഞ്ചിനീയറും വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K